Thursday, January 31, 2013

നിരര്‍ത്ഥകം...



സന്ധ്യയില്‍ 
നിഴല്‍ പൂക്കള്‍ വിടരുമ്പോള്‍ 
അസ്തമയ പര്‍വ്വത ചുരകള്‍ക്ക് 
കാന്ത ശക്തി ലഭിക്കുന്നു.
 ആകാശം മറ്റൊരു തടവറയാകുന്നു.
അതിന്‍റെ അനന്തമായ അതിരുകള്‍ തേടി 
എന്‍റെ മോഹം ചിറക് വിടര്‍ത്തുകയാണ്.

രാത്രിയില്‍ 
നിമിഷങ്ങള്‍ നിശ്ചലമാവുമ്പോള്‍ 
ഭൂമി നക്ഷത്രമാകുന്നു.
ഉല്‍ക്കകള്‍ ആകാശ ഗംഗയിലൊഴുകുന്നു.
മനസ്സില്‍ മിന്നാ മിനുങ്ങുകള്‍ ഉഴലുന്നു .
ആലിന്‍ പഴങ്ങള്‍ വീണുടഞ്ഞു 
ചിതറി തെറിക്കുന്നിടത്തു 
ഓര്‍മ്മകളുടെ വസന്തം വിരിയുന്നു .

ഇപ്പോഴിവിടെ 
ഈ..മരുഭൂമിയുടെ,
ഉഷ്ണ തീക്ഷ്ണതയില്‍,
ഓര്‍മ്മകള്‍ക്ക് മുകളിലൂടെയും,
മണല്‍ കാറ്റടിക്കുന്നു.
കരിഞ്ഞ മോഹങ്ങളുടെ 
ദുര്‍ഗന്ധവും പേറി,
വിളര്‍ത്ത സൗഹൃദങ്ങളുടെ 
നൂല്‍പാലത്തിലൂടെയുള്ള പ്രയാണം.
ഇവിടെ ആശ്വസിക്കാന്‍ 
ഒരു മരീചികയും കാണുന്നില്ല .
ശാപങ്ങളുടെ മണ്‍  കൂനകള്‍ ഒഴിച്ച്. 
Related Posts Plugin for WordPress, Blogger...