Saturday, August 25, 2012

ഓണം:നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പ്.

ഗ്രിഹാതുരത്വത്തിന്റെ തിരു മുറ്റത്ത്, നഷ്ട സ്വപ്നങ്ങളുടെ തിരുശേഷിപ്പുമായി, നന്മയുടെ പൂകാലവുമായി   ഒരു ഓണം കൂടി കടന്നു വന്നിരിക്കുന്നു.ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും,ഓണം ഒഴിച്ചു കൂടാനാവാത്ത  ഒരു ആഘോഷമാകുമ്പോള്‍, പ്രവാസത്തിന്റെ ഈ ഏകാന്തതയിലും,മനസ്സില്‍ ഓണവും, ഓണക്കാലവും, നാടും,വീടും, പൂകാലവും, ഗ്രിഹാതുരത്വവും, എല്ലാം   ഒരുമിച്ചു ചേരുന്നു.


.ഓര്‍മ്മകളിലെ ഓണക്കാലത്തിന് വല്ലാത്തൊരു ഗ്രിഹാതുരത്വത്തിന്റെ ഫീലിംഗ് ഉണ്ട്.
പണ്ട് കാലത്ത് ഓണം കൊയ്ത്തുല്സവം ആയിരുന്നുവല്ലോ..ചിങ്ങ മാസത്തില്‍ പാടശേഖരങ്ങള്‍ പൊന്നിന്‍ വര്‍ണങ്ങളുടെ ആവരണം അണിയുന്നതോടെ  പൂര്‍വികരുടെ മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു.ചിങ്ങത്തിലെ കൊയ്ത്തുകാലം കഴിയുന്നതോടെ പഞ്ഞ കര്‍ക്കിടകത്തിന് അറുതി വരുമല്ലോ എന്ന പ്രതീക്ഷ അവരില്‍ സന്തോഷത്തിന്റെ പുതു വസന്തം തീര്‍ത്തിരുന്നു.പക്ഷെ കാലത്തിന്റെ പരിവര്‍ത്തനം നമ്മുടെ ആഘോഷങ്ങളില്‍ പോലും,വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.നിറഞ്ഞു നിന്നിരുന്ന പാടങ്ങളും,കൊയ്ത്തുകാലവും,പുള്ളുവന്‍ പാട്ടുകളും,എല്ലാം ഇന്ന് നമുക്ക് ഓര്‍മ്മ മാത്രമായിരിക്കുന്നു.പാട ങ്ങള്‍ മണ്ണിട്ട്‌ നികത്തി കൊണ്ഗ്രീട്ടു കൊട്ടാരങ്ങള്‍ പണിതു തുടങ്ങിയതോടെ ഇന്ന് നമുക്ക് കൊയ്ത്തും,മെതിയും,എല്ലാം വേണ്ടാതായി.അതോടെ ഒരു കൊയ്ത്തുത്സവം എന്നതില്‍ നിന്നും ഇന്ന് ഓണം ഒരു ഓഫര്‍-ഉത്സവം ആയി മാറിയിരിക്കുന്നു.

ഓണം എന്നല്ല,നമ്മള്‍ മലയാളികളുടെ ഏത്  ആഘോഷങ്ങളും ഇന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓണത്തിനും,പെരുന്നാളിനും,എല്ലാം ഉള്ള സര്‍വ്വ വിഭവങ്ങളും,ഇന്ന് നമുക്ക് തമിഴ് നാട്ടില്‍ നിന്നും,കര്‍ണാടകയില്‍ നിന്നും,ആന്ധ്രയില്‍  നിന്നുമൊക്കെ എത്തണം. അതില്‍ പൂകളമിടാനുള്ള പൂവ് തൊട്ടു സദ്യ വിളമ്പാനുള്ള ഇലകള്‍ക്ക്  വരെ നാം അവരെ കാത്തു നില്‍ക്കണം.വല്ലാത്തൊരു ഗതി കേടു തന്നെ അല്ലെ..നമ്മുടേത്‌. ഉപഭോഗ സംസ്കാരത്തിന്റെ നല്ല വാക്താക്കള്‍ ആയി നാം കാലത്തിനൊപ്പം സന്ജരിക്കുമ്പോള്‍ നമുക്ക് കൈ മോശം വരുന്നത് നമ്മുടെ സംസ്കാരം തന്നെയാണെന്നത് ഓര്‍ക്കാന്‍ പോലും ഇന്ന് നമുക്ക് സമയമില്ലാതായിരിക്കുന്നു.

വിസ്മ്രിതിയുടെ പഴമകളില്‍ മുഴുകി ജീവിക്കുന്നത് കൊണ്ടാകാം കാലാവസ്ഥ പോലും,ഇന്ന് നമ്മോടു കരുണ കാണിക്കാത്തത്.തുള്ളി തോരാതെ മഴ പെയ്തിരുന്ന മിഥുനം-കര്‍ക്കിടക മാസങ്ങള്‍ ഇന്ന് മലയാളിക്ക് ഓര്‍മ്മ മാത്രം ആയി തീരുന്നിരിക്കുന്നു.ഓണ കാലത്ത് തൊടിയില്‍ നിന്നും പറിച്ചെടുക്കുന്ന തുമ്പയും,തെച്ചിയും,കൊണ്ട് മുറ്റത്തോരുക്കിയ പൂക്കളും,പുത്തരി ചോറിന്റെ മനം കുളിര്‍പ്പിക്കുന്ന ഗന്ധവും,എല്ലാം നമുക്ക് നഷ്ടപെടുമ്പോള്‍,പൂക്കളിടാന്‍ യഥാര്‍ത്ഥ പൂക്കള്‍ക്ക് പകരം,കൃത്രിമ പൂക്കളും,ഓണ സദ്യ ഉണ്ണാന്‍ പ്ലാസ്റിക് വാഴയിലകളും,വിപണികളില്‍ നമുക്ക് സുലപം.യാന്ദ്രികമായ ജീവിതത്തിന്റെ കൃത്രിമ തിരക്ക് മൂലം,ഇന്ന് നമുക്ക്  സദ്യ പോലും,സ്വന്തം വീടുകളില്‍ ഉണ്ടാക്കാന്‍ സമയമില്ലതായിരിക്കുന്നു.
ഓണകാലത്തെ കൂടിച്ചേരലുകളും,മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടുന്ന കുട്ടികളുടെ ആരവവും,ഉമ്മറ മുറ്റത്ത് പൂക്കളമോരുക്കുന്നവരുടെ സന്തോഷതിളക്കവും,എല്ലാം നമ്മുടെ പുതു തലമുറയ്ക്ക് കേട്ട് കഥകള്‍ മാത്രമായി ചുരുങ്ങുന്നു.അതെ എല്ലാ അര്‍ത്ഥത്തിലും ഓണം ഇന്ന് നമുക്ക് ഒരു നഷ്ട പ്രതാപ കാലത്തിന്റെ ഓര്‍മ്മ പെടുത്തല്‍ മാത്രമായി തീരുന്നു.
പ്രത്യാശിക്കാം നമുക്ക്,നന്മ്മയും,സ്നേഹവും,ഒരുമയും,പഴമയും,എല്ലാം ഒത്തു ചേര്‍ന്ന ആ പഴയ ഓണകാലം തിരിച്ചെത്തുമെന്ന്...

ഏവര്‍ക്കും,ഐശ്വര്യത്തിന്റെയും,നന്മയുടെയും,ഓണാശംസകള്‍....

6 comments:

  1. ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ ഉണര്‍ത്തീ
    വീണ്ടുമൊരു ഓണക്കാലം ...
    പേരുകളില്‍ മാത്രം ഒതുങ്ങുന്ന ചിലത് ..
    ഇടക്കൊക്കെ മനസ്സ് വിങ്ങും ..
    നഷ്ടമായി പൊകുന്നത് , ഓര്‍മകളില്‍ നിറം പിടിച്ച്
    നില്‍ക്കുന്നത് ..
    " നേരുന്നു സഖേ ഹൃദയത്തില്‍ നിന്നും
    വര്‍ണ്ണാഭമായൊരു ഓണക്കാലം "

    ReplyDelete
  2. rinee...
    ഐശ്വര്യത്തിന്റെയും,നന്മയുടെയും,ഓണാശംസകള്‍...

    ReplyDelete
  3. പ്രവാസം തീവ്രമാക്കുന്ന വികാരങ്ങളിലൊന്നാണ് ഗൃഹാതുരത്വം. ഓണം പോലെയുള്ള ആഘോഷങ്ങൾ അതിനെ കൂടുതൽ തീവ്രമാക്കുന്നു. ഓണ നിലാവും പൂവിളിയുമൊക്കെ മനസ്സുകൊണ്ടയവിറക്കി നാമൊക്കെയിങ്ങനെ...

    ReplyDelete
  4. ഇപ്പൊ ഏതു കുട്ടികള്‍ക്കാണ് ഇതിനൊക്കെ താല്‍പ്പര്യം.
    ഓണത്തിന്റെ ആരവങ്ങളൊന്നും അവരിലില്ല.

    ഒര്മകളിലെക്കൊരു തിരിച്ചു പോക്ക്.ഇത് വായിച്ചപ്പോള്‍ എന്തൊക്കെയോ നഷ്ട്ടപ്പെടലുകള്‍ വേദനിപ്പിക്കുന്നു മനസ്സിനെ.
    ഇനിയൊരിക്കലും തിരികെ വാരത്തൊരു നല്ല കാലം.

    ReplyDelete

Related Posts Plugin for WordPress, Blogger...