കാലത്തിൻ്റെ കുത്തൊഴുക്കിൽ അത്യഹങ്കാരത്തോടെ കുതിച്ച് പാഞ്ഞിരുന്ന ലോകം എത്ര പെട്ടന്നാണ് നിശ്ചലതയുടെ വാൽമീകത്തിലേക്കാണ്ട് പോയത്! കോവിഡ് എന്ന മഹാമാരി ലോകത്തെ മൊത്തം പിടിച്ച് നിർത്തിയപ്പോൾ പ്രവാസ ലോകവും ആ നിശബ്ദതയുടെ താഴ്‌വരയിലേക്കൂർന്ന് പോയിരിക്കുന്നു. ഉത്സവതിമർപ്പോട് കൂടി നിറഞ്ഞാടിയിരുന്ന രാത്രികളിലെ പതിവ് വെടിപറച്ചിലുകളും, ആരവങ്ങളും ഒന്നും ഇപ്പോൾ ഇവിടെയില്ല! രോഗവ്യാപനം നാൾക്ക് നാൾ കൂടുമ്പോൾ ഉൾഭയത്തോട് കൂടി തിരിഞ്ഞും, മറിഞ്ഞും, കിടന്ന് പ്രാർത്ഥനകളിൽ നാളുകൾ തള്ളിനീക്കി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒട്ടും നിനച്ചിരിക്കാതെയാണ് റിയാദിൽ നിന്നും ജ്യേഷ്ഠൻ മുസ്ഥഫയുടെ ഫോൺ കോൾ വരുന്നത്. കുഞ്ഞുട്ടി അളിയൻ (മൂത്താപ്പാൻ്റെ മകളുടെ ഭർത്താവ്) മരണപ്പെട്ടിരിക്കുന്നു.! അപ്രതീക്ഷിതമായ ആ വാർത്തയിൽ എന്ത് ചെയ്യണമെന്നറിയാതെ ഏറെ നേരം പകച്ചിരുന്നു പോയി. ഒട്ടേറെ ചിന്തകൾ മനസ്സിലൂടെ കടന്ന് പോയി!
ഏഴ് വർഷങ്ങങ്ങൾക്കപ്പുറം ഇനിയീ മണ്ണിലേക്ക് ഒരു പ്രവാസിയായിട്ടൊരിക്കലുമില്ല എന്ന് ശപദം ചെയ്ത് റിയാദിൽ നിന്ന് തന്നെ യാത്ര പറഞ്ഞ് പോയതാണളിയൻ! പക്ഷേ കാലം വീണ്ടും അളിയനെ പ്രവാസിയാക്കി. മൂത്ത മകൾ റുബിയുടെ കല്യാണം കഴിഞ്ഞങ്കിലും ചില്ലറ കടങ്ങളിനിയുമുണ്ട്! മകൻ അൻവർ സാദിഖാണങ്കിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. അവനെ ഒരു കരക്കെത്തിക്കണം.! ഒപ്പം ഇളയ മകൾ ഷിഫു പ്ലസ്ടു -വിന് പഠിക്കുകയാണ്. അവളുടെ കല്യാണവും നടത്തണം. മോഹങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അങ്ങിനെ ഒരുപാടുണ്ടായിരുന്നളിയന്! തിരിച്ച് വന്നപ്പോൾ അതൊക്കെയും പങ്ക് വെക്കുകയും ചെയ്തിരുന്നു. അല്ലങ്കിലും ഈ സൗദി മണ്ണ് എന്നും അങ്ങിനെയാണല്ലോ,, എത്രമാത്രം ഈ മണ്ണിൽ നിന്നകന്ന് പോയാലും, അവരെയൊക്കെ വീണ്ടും വീണ്ടും തന്നിലേക്ക് വലിച്ചടുപ്പിപ്പിച്ച് ചേർത്തുവെക്കുന്നു ഈ രാജ്യം!
പക്ഷേ അളിയനെ സംബന്ധിച്ചിടത്തോളം അതിങ്ങിനെയായിപ്പോയി!
അനിയൻ ഷറഫുവിൻ്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്."എന്ത് - ചെയ്യും നമ്മൾ?? കൊറോണ-ലോക്ക് ഡൗൺ അവസ്ഥയിൽ അങ്ങോട്ടെത്താനാവില്ലല്ലോ,, എന്താ ഒരു വഴി???
നാട്ടിലേക്കറിയിക്കേണ്ടേ???
സ്വന്തം വീട്ടിൽ ഉറ്റവൻ്റെ ചേതനയറ്റ ശരീരം കാണാൻ കഴിയാതെ ഇപ്പോഴും നാട്ടിൽ പതിവ് സന്തോഷത്തിലായിരിക്കുമല്ലോ പെങ്ങൾ മാളുമ്മുവും, കുട്ടികളും. അവരെ എങ്ങിനെയാണ് ഈ വാർത്ത അറിയിക്കുക! ആലോചിക്കും തോറും മനസ്സിൻ്റെ താളം വീണ്ടും തെറ്റുന്നു. നാട്ടിലേക്ക് ഞാനറിയിക്കാം,, നീ ഇവിടുത്തെ കാര്യങ്ങൾക്കാരേലും വിളിച്ച് നോക്കു,, ഷറഫു പറഞ്ഞു.!
അളിയൻ്റെ മയ്യിത്ത് ഉള്ളത് റിയാദിൽ നിന്നും നൂറ് കിലോമീറ്റർ അപ്പുറം മുസാമിയയിലാണ്. അപ്പൻ്റിക്സ് സംബന്ധമായ വേദനയാണ് മരണകാരണം. മുസാമിയയിൽ നിന്നും കിലോമീറ്ററുകൾ അപ്പുറം അൽ-ജില്ലയിലാണ് അളിയൻ ജോലി ചെയ്തിരുന്നത്. ഖഫീലിൻ്റെ തന്നെ അതീനതയിലുള്ള ഒരു ഹോട്ടലിൽ! അവിടെ നിന്നും അസുഖം മൂർച്ചിച്ച് ഹോസപ്പിറ്റലിൽ ആക്കാൻ നോക്കിയപ്പോൾ അടുത്തൊന്നും ആശുപത്രി ഇല്ലായിരുന്നുവെന്ന് റൂമിലുള്ളവർ പറഞ്ഞറിഞ്ഞു. ഒരു പക്ഷേ ഇഖാമ ക്ലിയറല്ലാത്തത് കാരണം അവരും മടിച്ചിട്ടുണ്ടാവും ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ! ഏതായാലും കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്താൻ കാത്തു നിൽക്കാതെ തന്നെ അളിയൻ മരണത്തിന് കീഴടങ്ങിയിരുന്നുവെത്രേ,,
ഓർക്കും തോറും കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങി.
മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് റിയാദ് കെ.എം.സി.സി -യുടെ മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വവുമായി ഉടൻ ബന്ധപ്പെട്ടു. ഒരിക്കൽ പോലും നേരിട്ട് കാണാത്തവരാണ്. പക്ഷേ സംഘടനാപരമായി അവർ എന്നും അടുത്തവരാണ്. സാമൂഹിക പ്രവർത്തനത്തിൻ്റെ അറേബ്യൻ മാതൃകയിൽ കെ.എം.സി.സി - യുടെ കൈയ്യൊപ്പ് എന്തെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെ അപരിചിതത്വം ആർക്കും ഒരു പ്രശ്നമായി തോന്നിയില്ല. റഫീഖ് പുല്ലൂർ, ഷറഫു പുളിക്കൽ, ഇസ്മായിൽ പടിക്കൽ, ആബിദ് തങ്ങൾ, സലാം സാഹിബ്, അങ്ങിനെ പേരറിയുന്നവരും അറിയാത്തവരുമായുള്ള കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയിലെ വെൽഫയർ വിംങ്ങിലെ മുഴുവൻ അംഗങ്ങളും എന്തിനും, റെഡിയായി പിന്നെ കൂടെയുണ്ടായിരുന്നു. മയ്യത്ത് നാട്ടിലേക്കയക്കാൻ ഏതായാലും ഇപ്പോൾ പ്രയാസമാണ്. നമുക്കിവിടെ തന്നെ മറമാടാം! അതാവും നന്നാവുക. കെ എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. കൊവിഡ് പശ്ചാതലവും, അളിയൻ വന്ന് ഏഴ് മാസം കഴിഞ്ഞിട്ടും ഖഫീലിൻ്റെ പേപ്പർ ക്ലിയറല്ലാത്തതിനാൽ ഇഖാമയില്ലാത്ത അവസ്ഥയും, ആകെ കൂടി ആലോചിച്ചപ്പോൾ അത് തന്നെയാണ് നല്ലതന്ന് ജ്യേഷ്ഠൻ കുഞ്ഞുവും പറഞ്ഞു. പിന്നീട് അതിനായി ശ്രമങ്ങൾ. എംബസി സംബന്ധമായ മുഴുവൻ പേപ്പർ വർക്ക് ഫോളോവപ്പുകളും, റഫീഖ് സാഹിബിൻ്റെ നേതൃത്വത്തിൽ നടന്നു. നാട്ടിലേക്ക് മെയിൽ അയച്ചു! ഇനി മയ്യിത്ത് ഏറ്റ് വാങ്ങാൻ അൽ ജില്ലയിലുള്ള സാമൂഹിക പ്രവർത്തകരെ ആരെയെങ്കിലും കിട്ടണം. ഒപ്പം മുസാമിയയ്യിലെ ആശുപത്രയി സംബസമായ കാര്യങ്ങൾ നോക്കാനും ആരെങ്കിലും വേണം! പിന്നീട് ആ വഴിക്കായി അന്വേഷണങ്ങൾ! മുസാമിയ്യ കെ.എം.സി.സി- പ്രസിഡണ്ട് ഇബ്രാഹിം സാഹിബ് ആശുപത്രി സംബന്ധമായ മുഴുവൻ സഹായങ്ങളും ചെയ്യാൻ റെഡിയായി മുന്നോട്ട് വന്നു. അൽ-ജില്ലയിൽ മയ്യിത്ത് വഖാലത്ത് ഏറ്റെടുക്കാൻ റെഡിയായി മലയാളി കൂട്ടായ്മയുടെ സാമൂഹിക പ്രവർത്തകൻ അബ്ദുസ്സലാം സാഹിബ് തിരുവനന്തപുരവും, മുന്നോട്ട് വന്നു. ഒപ്പം സഹായത്തിനായി സിറാജ് മുക്കവും! ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കാണാത്തവരാണവരൊക്കെ.! എന്നിട്ടും നിസ്സഹായതയുടെ ഈ കോവിഡ് കാലത്തും എന്തിനും റെഡിയായി അവർ മുന്നോട്ട് വന്നത് ഒന്നും ആഗ്രഹിച്ചോ, മോഹിച്ചോ അല്ല ! മറിച്ച് സർവ്വശക്തൻ്റെ പ്രീതി മാത്രം കാംക്ഷിച്ചായിരുന്നു.
ദമ്മാമിലിരിക്കുമ്പോഴും ശരീരം കൊണ്ട് അങ്ങോട്ടെത്താൻ മനസ്സ് ഏറെ കൊതിച്ചു. പക്ഷേ നിലവിലെ സൗദി അവസ്ഥയിൽ അതിനൊരിക്കലും കഴിയില്ല. നിങ്ങളൊരിക്കലും ഇങ്ങോട്ട് വരേണ്ട,, അവിടെയിരുന്ന് പ്രാർത്ഥിച്ചോളൂ,,! കാര്യങ്ങളെല്ലാം ഇവിടിരുന്ന് ഞങ്ങൾ ചെയ്ത് കൊള്ളാം.!
റിയാദിലെ കെ.എം.സി.സി നേതാക്കളുടെ വാക്കുകൾ ഏറെ ആശ്വാസകരമായി. ഒന്ന് - രണ്ട് ദിവസങ്ങൾക്കകം തന്നെ എല്ലാകാര്യങ്ങളും അവർ ചെയതു. പേപ്പർ വർക്കുകളെല്ലാം റെഡിയായി കിട്ടി. പോലീസ് സ്റ്റേഷനിൽ നിന്നും, ഹെൽത്തിൽ നിന്നും മയ്യിത്ത് മറവ് ചെയ്യാൻ അനുമതി കിട്ടി.
ഉറ്റവരോ, ഉടയവരോ, ഒരു പിടി മണ്ണ് പോലും വാരിയിടാനില്ലാതെ, ജീവിതത്തിൽ നൻമയെ ചേർത്ത് പിടിച്ച ഒരു പറ്റം ആളുകളുടെ കയ്യും, മെയ്യും മറന്നുള്ള കഠിനാധ്വാനത്തിൽ അളിയൻ്റെ മയ്യിത്ത് മുസാമിയയിലെ ഖബർസ്ഥാനിൽ അങ്ങിനെ മറവ് ചെയ്യപ്പെട്ടു.!
സ്വന്തം വീട്ടിൽ നിന്നല്ലാതെ മരുന്നിൻ്റെ മണമുള്ള ആശുപത്രി മോർച്ചറിയിൽ നിന്ന്, ഉറ്റവരും ഉടയവരും, ശേഷ കർമ്മങ്ങൾ ചെയ്യാൻ പോലും ഇല്ലാതെ മരണത്തിൻ്റെ നിശബ്ദതയിലേക്ക് യാത്ര പോകേണ്ടി വരിക - എന്നുള്ളതാണ് ഒരു പ്രവാസിയുടെ ഏറ്റവും വലിയ നിസ്സഹായത!
പക്ഷേ അവിടെയൊക്കെയും നിയോഗ വഴികളിലെ കൂടപ്പിറപ്പുകളായി സർവ്വേശ്വരൻ ആരെയെങ്കിലുമൊക്കെ കരുതി വെച്ച് കാണും!
അളിയന് അള്ളാഹു മഗ്ഫിറത്തേകിടട്ടെ!
ഒപ്പം സുമനസ്സുകളോടെ കൂടെ നിന്ന മുഴുവൻ സഹോദരങ്ങൾക്കും സർവ്വശക്തൻ
അർഹമായ പ്രതിഫലം നൽകിടട്ടെ!!
No comments:
Post a Comment