Thursday, February 28, 2013

നിര്‍വചനം


മനസ്സെന്ന മുറിയുടെ,
പന്ജ്ജേന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടയുകയും,
ഉള്ളിലെ ചിന്തയുടെ വെളിച്ചം കെടുകയും,
ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കനത്ത ഇരുട്ടും,
ആ ഇരുട്ടിലെ ശാന്തമായ നിദ്രയും,

നാം  ജീവിച്ചിരിക്കുന്ന ലോകവും,
നാമില്ലാതെ തുടര്‍ന്ന് പോകുന്ന 
തമ്മില്‍ വേര്‍തിരിക്കുന്ന സമയത്തിന്‍റെ,
ഒരു ചെറിയ പോയിന്‍റും,

ഒരു കടങ്കഥ പോലെ,
അവളെന്നോട് ചോദിച്ചു,
ഉത്തരത്തിനായി
ഞാന്‍ ഏറെ പരതി,
ഒടുക്കം 
കുന്തിരിക്കം പുകയുന്ന ഒരു  രാത്രിയില്‍,
അവളെനിക്ക്‌,
മറുപടി ഒരു മരണ കുറിപ്പായി കുറിച്ച് തന്നു.
അതില്‍ ഇങ്ങിനെ എഴുതിയിരുന്നു.......
'മരണം'.....
"മരണം എന്നെ സംബന്ധിചിടത്തോളം,
ഈ ലോകത്ത് നിന്നുമുള്ള ഒരു ഫുള്‍സ്റ്റോപ്പും,
നിന്നെ സംബന്ധിച്ചിടത്തോളം,
വെറും,ഒരു കോമയും,ആണ്."

Thursday, January 31, 2013

നിരര്‍ത്ഥകം...



സന്ധ്യയില്‍ 
നിഴല്‍ പൂക്കള്‍ വിടരുമ്പോള്‍ 
അസ്തമയ പര്‍വ്വത ചുരകള്‍ക്ക് 
കാന്ത ശക്തി ലഭിക്കുന്നു.
 ആകാശം മറ്റൊരു തടവറയാകുന്നു.
അതിന്‍റെ അനന്തമായ അതിരുകള്‍ തേടി 
എന്‍റെ മോഹം ചിറക് വിടര്‍ത്തുകയാണ്.

രാത്രിയില്‍ 
നിമിഷങ്ങള്‍ നിശ്ചലമാവുമ്പോള്‍ 
ഭൂമി നക്ഷത്രമാകുന്നു.
ഉല്‍ക്കകള്‍ ആകാശ ഗംഗയിലൊഴുകുന്നു.
മനസ്സില്‍ മിന്നാ മിനുങ്ങുകള്‍ ഉഴലുന്നു .
ആലിന്‍ പഴങ്ങള്‍ വീണുടഞ്ഞു 
ചിതറി തെറിക്കുന്നിടത്തു 
ഓര്‍മ്മകളുടെ വസന്തം വിരിയുന്നു .

ഇപ്പോഴിവിടെ 
ഈ..മരുഭൂമിയുടെ,
ഉഷ്ണ തീക്ഷ്ണതയില്‍,
ഓര്‍മ്മകള്‍ക്ക് മുകളിലൂടെയും,
മണല്‍ കാറ്റടിക്കുന്നു.
കരിഞ്ഞ മോഹങ്ങളുടെ 
ദുര്‍ഗന്ധവും പേറി,
വിളര്‍ത്ത സൗഹൃദങ്ങളുടെ 
നൂല്‍പാലത്തിലൂടെയുള്ള പ്രയാണം.
ഇവിടെ ആശ്വസിക്കാന്‍ 
ഒരു മരീചികയും കാണുന്നില്ല .
ശാപങ്ങളുടെ മണ്‍  കൂനകള്‍ ഒഴിച്ച്. 
Related Posts Plugin for WordPress, Blogger...