Saturday, January 25, 2020

നാട്ട് നൻമയുടെ ചന്ത വിശേഷങ്ങൾ,!


പണ്ട് ചെമ്മണ്‍പാതയില്‍ കാളവണ്ടിച്ചക്രങ്ങളുടെ മണിക്കിലുക്കത്തിനൊപ്പം ചാട്ടവാറടിയുടെ താളവും സമന്വയിപ്പിച്ച് ബുധനാഴ്ചകളിൽ മഞ്ചേരിച്ചന്തയിൽ ആരവമുയർത്താൻ തലേദിവസംതന്നെ നാനാദിക്കുകളില്‍നിന്നും ആളുകളും വണ്ടികളും പുറപ്പെട്ടിരുന്നു. തൂക്കിയിട്ട റാന്തലിന്റെ അരണ്ടവെളിച്ചത്തില്‍ നിരനിരയായി എത്തുന്ന കാളവണ്ടികള്‍! നിശ്ശബ്ദതയുടെ നാട്ടുപാതയില്‍ അതിനു ഭംഗംവരുത്താന്‍ ഇടയ്ക്കിടെ വണ്ടിക്കാരന്റെ ചാട്ടവാറടിയും ആക്രോശവും മാത്രം.!
അങ്ങാടിയില്‍, നാല്‍ക്കവലയില്‍ ഉത്സവത്തലേന്നിന്റെ പ്രതീതിയുളവാക്കിയെത്തുന്ന വണ്ടിക്കൂട്ടവും കച്ചവടക്കാരും ഇന്നും പഴമക്കാര്‍ക്ക് ഗൃഹാതുര സ്മരണകളാണ്. ചുമടിറക്കി വണ്ടിക്കും വണ്ടിക്കാരനും കാളകള്‍ക്കും വിശ്രമമൊരുക്കുന്നത് പേട്ടയിലെ ഒഴിഞ്ഞപറമ്പിലാണ്. പഴയമുനിസിപ്പല്‍ ഓഫീസ് കെട്ടിടവും 'പേട്ടയില്‍' വീടുകളും നില്‍ക്കുന്ന സ്ഥാനം. ഇവിടെ താമസിക്കുന്ന കുരിക്കള്‍ ഭവനങ്ങളുടെ 'പേട്ടയില്‍' വീട്ടുപേര് ഇക്കാര്യം അനുസ്മരിപ്പിക്കുന്നു.

പരസ്പരം അടുത്തറിഞ്ഞ ആ കൂട്ടായ്മയുടെ അവസാനത്തെ അടയാളമായ നിത്യച്ചന്തപോലും മഞ്ചേരിയില്‍നിന്നു നീങ്ങി.
സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായി നാടുവാണിരുന്ന മഞ്ചേരി കോവിലകംവക സ്ഥലമാണ് 200 വര്‍ഷംമുന്‍പ് ആഴ്ചച്ചന്ത നടത്താന്‍ അനുവദിച്ചത്. കോഴിക്കോട്ടേക്ക് വിദേശവാണിജ്യത്തിന് കുരുമുളക്, നാളികേരം, അടയ്ക്ക, കശുവണ്ടി, ചുക്ക്, മഞ്ഞള്‍ തുടങ്ങിയ മലഞ്ചരക്കുകള്‍ ശേഖരിച്ചുതുടങ്ങിയതാണ് മഞ്ചേരിച്ചന്ത. പിന്നീട്, എല്ലാവിഭവങ്ങളുടെയും വിപണന കേന്ദ്രമായി.
ഏറനാട്ടിലെ പ്രശസ്തമായ മഞ്ചേരിച്ചന്തയ്ക്കടുത്ത് തിരക്കുള്ള കൊല്ലപ്പണിക്കാരും അവരുടെ ആലയുമുണ്ടായിരുന്നു. കലപ്പ, കൈക്കോട്ട്, കത്തികള്‍, കുട്ട, മുറം പാത്രങ്ങള്‍, തൊപ്പിക്കുട, കയര്‍ തുടങ്ങിയ കാര്‍ഷികപ്രധാനമായ ഉപകരണങ്ങള്‍ക്കും ചന്തയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.
വെള്ളപൂശാനും സിമന്റ് തേക്കുന്നതിനുപകരം ചുമരുകള്‍ ബലവത്താക്കാനും ഉപയോഗിച്ചിരുന്ന ഇത്തിള്‍(കുമ്മായം), ഉണക്കമത്സ്യം എന്നിവയുടെ കച്ചവടത്തിനായി ചന്ത എടുപ്പുകളുടെ പകുതിയോളം സ്ഥലം മാറ്റിവെച്ചിരുന്നു. ഓടിട്ടതും ഓലമേഞ്ഞതുമായ നീളത്തിലുള്ള ഏതാനുംഷെഡ്ഡുകള്‍ സ്റ്റാളുകളാക്കി തിരിച്ചാണ് കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്. ചന്തയില്‍ തിരക്കു കൂടിയപ്പോള്‍ നേരത്തെ ഒഴിച്ചിട്ടിരുന്ന ഭാഗത്തും ഷെഡ്ഡുകള്‍ വച്ചുകെട്ടി.
1942ല്‍ മഞ്ചേരി പഞ്ചായത്ത് നിലവില്‍വരുന്നതുവരെ ചന്തയുടെ നടത്തിപ്പ് കോവിലകത്തിനുതന്നെയായിരുന്നുവെത്രേ.! വര്‍ഷംതോറും പൊതുജനങ്ങൾക്ക് ലേലത്തില്‍വിളിച്ച് ചന്തനടത്താന്‍ അവകാശം നല്‍കിയിരുന്നു.
മഞ്ചേരിച്ചന്ത പണ്ട് കാലങ്ങളിൽ കേവലം ഒരുകച്ചവടകേന്ദ്രം മാത്രമായിരുന്നില്ലത്രേ..! ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ അറിയിപ്പുകള്‍ക്കും കലാപകരികള്‍ക്കെതിരെയുള്ള ശിക്ഷാനടപടികളുടെ ചെണ്ടകൊട്ടിയറിയിക്കലുകള്‍ക്കും പലപ്പോഴും മഞ്ചേരി ചന്ത വേദിയായിട്ടുണ്ട്.



മാപ്പിള ഇശലുകളില്‍ വര്‍ണിക്കുന്ന പാട്ടുപുസ്തകങ്ങളും ചരിത്രകഥാപ്രസംഗങ്ങളും ഭക്തിഗാനങ്ങളും വില്‍ക്കാനും വാങ്ങാനുമെത്തിയിരുന്നവര്‍ ഏറെയായിരുന്നു. പാട്ടുപുസ്തകം വിറ്റിരുന്നവരെ കേള്‍ക്കാനും അനവധിപേര്‍ തടിച്ചുകൂടും. പഴയകാല മാന്ത്രികന്‍ കൊട്ടേക്കോടന്‍ അലിഖാന്റെ മായാജാല പ്രകടനങ്ങള്‍ക്കും പലവുരു ചന്ത വേദിയായിട്ടുണ്ട്.
ഇടുങ്ങിയ പാതകളിലെ തിരക്കും വണ്ടികളുടെയും കാളകള്‍ക്ക് ലാടം കെട്ടുന്നതിന്റെയും തിരക്കുംകാരണം ബുധനാഴ്ചകളില്‍ മഞ്ചേരി ഹിദായത്ത് മദ്രസകള്‍ക്ക് അവധിയായിരുന്നുവെന്ന് രേഖകളില്‍ കാണാം. കൂടാതെ സഭയുടെ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന് കാളവണ്ടിക്കാരില്‍നിന്നും തലച്ചുമടായിക്കൊണ്ടുവരുന്നവരില്‍ നിന്നും മൂന്നുപൈസയും ഒരു പൈസയും സംഭാവന സ്വീകരിച്ചിരുന്നതായും 1898ലെ ഹിദായത്തുല്‍ മുസ്ലിമീന്‍ സഭയുടെ രേഖകളില്‍ കാണാം.
ആഴ്ചച്ചന്ത പലസ്ഥലങ്ങളിലേക്ക് മാറ്റി ഒടുവില്‍ നഗരസഭ ഓഫീസ്‌കെട്ടിടം സ്ഥിതിചെയ്യുന്ന ആനപ്പാംകുന്നിലെത്തിയതോടെ ചരമഗതിപ്രാപിച്ചു. ഗതകാല പ്രൗഢിയുടെ ഈ നഗരക്കൂട്ടായ്മ തിരിച്ചുപിടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തിന് എങ്ങിനെ കഴിയാൻ??
കാലം നഗര ചന്തയ്ക്കും, കച്ചവടങ്ങൾക്കുമൊക്കെ ഏറെ മാറ്റങ്ങൾ നൽകി. കാലിച്ചന്ത മഞ്ചേരി ടൗണിൽ നിന്നും ഇന്ന് നഗരത്തിന്റെ ആരവങ്ങളൊഴിഞ്ഞ് പയ്യനാട്ടാണ് അരങ്ങ് തകർക്കുന്നത്.
കാലി ചന്തക്കച്ചവടത്തിലെ ഭാഷ തന്നെ ഇന്ന് പുതുതലമുറയ്ക്കന്യമാണ്.
വാച്ചയും, എസവും, കായയും, കരാതിയും, പണയവും, തട്ടയും, ആളിയും, കൊളച്ചിയും, മൂക്കിയും, മാടപ്പൂട്ടും, വലിവട്ടവും, തട്ടമുറിയുമൊക്കെ എന്തെന്നറിയാൻ ഒരു ഡിക്ഷ്ണറി പരതിയിട്ടും കാര്യമില്ല.! അതിന് അധ്വാന മഹത്ത്വത്തിന്റെ നേർക്കഥകൾ പറഞ്ഞ് തരുന്ന കാലി ചന്തകളിലേക്കിറങ്ങുക തന്നെ വേണം. അവിടെ പറമ്പിൽ പീടിക ബാപ്പുവിനെയും, മാർക്കറ്റ് വീരാൻ ഹാജിയേയും, താന്നിക്കൽ കുഞ്ഞുട്ടിയേയും, പരപ്പൻ മുഹമ്മദ്ക്കയേയും, പെര്ന്താട്ടി കുഞ്ഞിമാനെയും, രവിയെയും, അച്ചായനെയുമൊക്കെ പോലുള്ള ഒരു പാട് നിഷ്കളങ്ക ജീവിതങ്ങളെ കാണാം.! അവർ കഷ്ടപ്പെട്ട് ഇന്നും നില നിർത്തുന്നത് മഹിതമായ ഒരു പാരമ്പര്യത്തെ കൂടിയാണ്. നാട്ട് നൻമയുടെ ഗ്രാമീണതക്കപ്പുറം ഏത് നാഗരിഗതക്കും പകരം വെയ്ക്കാനാവാത്ത പഴയ ഓർമ്മകളുടെ വറ്റാത്ത മഹിമയെ കൂടിയാണ്.

വിവരങ്ങൾക്ക് കടപ്പാട് :
K.M. Aഷുക്കൂർ.
Photos : മഞ്ചേരി ചന്തയിലെ ബുധനാഴ്ചക്കാഴ്ചകൾ.

Saturday, April 11, 2015

ദേവധാരു -പൂത്ത കാലം.



മനസ്സിൽ സ്കൂൾ   ഓര്‍മ്മകള്‍ക്ക് എന്നും,വല്ലാത്ത കുളിരുണ്ടായിരുന്നു. ദേവധാർ  തിരു മുറ്റത്ത് ബാല്യത്തില്‍ സ്കൂള്‍ ജീവിതം തുടങ്ങിയതു മുതല്‍ ഇങ്ങോട്ട് അധ്യാപന ജീവിതത്തിന്റെ വസന്ത കാലങ്ങളും, കടന്നു ഒടുക്കം ജീവിത പ്രാരാബ്ദങ്ങളിൽ തട്ടി അത് ഈ പ്രവാസത്തിന്റെ മതിൽ കെട്ടുകളുടെ  ഏകാന്തതകളില്‍ എത്തുമ്പോഴും ആ കുളിര് ഇപ്പോഴും  ജീവിതത്തില്‍ നിറഞ്ഞു നിൽക്കുന്നു .അധ്യയന വര്‍ഷ ആരംഭത്തില്‍ സ്കൂള്‍ തുറന്നാല്‍ മഴയുള്ള പ്രഭാതങ്ങളില്‍ ചേമ്പിൻ ഇലയെ കുടയാക്കി നിരത്തിലൂടെ കൂട്ടുകാരോടൊത്ത്   വിദ്യാലയങ്ങളിലേക്ക്   പോകുന്ന സുഖമുളള ഓർമ്മയിൽ  നിന്ന് തുടങ്ങുന്നു ആ കുളിര്.



മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്ന ഈ കാലങ്ങളില്‍ കുടയും ചൂടി വേണ്ടിയിരുന്നല്ലോ നമുക്ക് സ്കൂളുകളില്‍ പോകാന്‍ .എത്ര കുട ചൂടിയാലും,കാറ്റിന്റെ കുസിര്‍തി,നമ്മെ മഴ കൊള്ളിപ്പിക്കും. ചാഞ്ഞും ,ചെരിഞ്ഞും, പാഞ്ഞെത്തുന്ന തുള്ളികള്‍ നമ്മെ ഒട്ടാകെ നനയിപ്പിക്കും. മനസ്സിനെയും ശരീരത്തെയും തളരിതമാക്കുന്ന ആ മഴയുടെ മേഘ മൽഹാരങ്ങൾ സൃഷ്ട്ടിക്കുന്ന നൂലിഴകളിലൂടെ ക്ലാസ് റൂമിലേക്ക്‌ കയറുമ്പോഴേക്കും വരാന്തയിൽ നിന്ന് ജലജ ടീച്ചർ വിളിച്ചു ചോദിക്കുന്നുണ്ടാവും, ''ഇന്നും മഴ നനഞാണോ കുട്ടികളേ..നിങ്ങളെത്തിയത്..? ഇങ്ങു..വാ..തല തുവർത്തി തരാം...പനി പിടിക്കുമോല്ലോ ന്റെ ഈശ്വരാ..." അനുസരണയുള്ള നല്ല കുട്ടികളായി ജലജ  ടീച്ചറുടെ മുൻപിൽ ഒതുങ്ങി നിൽക്കുമ്പോൾ, സ്നേഹ വായ്പോടെ ടീച്ചർ തല തുവര്ത്തി തരുമ്പോൾ അനുഭവിച്ചിരുന്നത്‌ പലപ്പോഴും സ്വന്തം മാതൃത്ത്വത്തിന്റെ സ്നേഹാനുഭൂതിയായിരുന്നു.

ഒരു തുടക്കക്കാരന്റെ എലാ വിധ ഭയാശങ്കകളോടെയും ജിജ്ഞാസയോടെയും, ഉത്കണ്ടയോടെയും ഒക്കെ  ആയിരുന്നു ആദ്യമായി ദേവധാരിന്റെ തിരുമുറ്റത്തു എത്തിയത്. പക്ഷെ ആശങ്കയുടെയും, ജിജ്ഞാസയുടെയും, ആദ്യ നാളുകള പിന്നെ പിന്നെ കൌതുകങ്ങളിലെക്കും, പുതിയ കൂട്ടുകാരോടോത്തുള്ള ദിനങ്ങൾ ആവേശത്തിലേക്കും ആഹ്ലാദത്തിലേക്കും ഒക്കെ മാറിയത് എത്ര പെട്ടെന്നായിരുന്നു. സുന്ദരമായ ഓർമ്മയുടെ എത്ര എത്ര മുഹൂര്ത്തങ്ങൾ ആണ് കൊഴിഞ്ഞു പോയത് . ബഹള മുഖരിതമായ ക്ലാസ്സ് ദിനങ്ങളും, സംഭവ ബഹുലമായ യുവജനോത്സവങ്ങളും, ആനന്ദകരമായ  പഠന യാത്രാ ദിനങ്ങളും, ജീവിതത്തിലെ ആദ്യത്തെ എസ്കർഷനും , പോക്കര് കാക്കയുടെ രുചികരമായ കഞ്ഞിയും,ചെറു പയറും,  അസിയുടെ മിട്ടായി കടയും, മാത്സര്യം മുറുകുന്ന സ്പോര്ട്സ് മത്സരങ്ങളും, അച്ചടക്കത്തിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്ന അസ്സംബ്ലിയും, ഇങ്ങിനെ ഒരു പാട്, ഒരു പാട്, മുഹൂർത്തങ്ങൾ. ജീവിതത്തിൽ പകര്ത്ത പെടേണ്ട മൂല്യങ്ങളും, അച്ചടക്കത്തിന്റെയും, സഹവർത്തിത്ത്വത്തിന്റെയും, അനുഭവങ്ങളുടെയും എത്രയോ ബാല പാഠങ്ങൾ അങ്ങിനെ അവിടെ നിന്നും പഠിച്ചെടുത്തു.

സ്കൂൾ കാലത്ത് ലോവർ പ്രൈമറി തലത്തിൽ നിന്നും വിഭിന്നമായി നോട്ടു ബൂകിലും, കോപ്പി ബൂകിലും,ഒക്കെ കാര്യമായി എന്തെങ്കിലും,എഴുതി തുടങ്ങിയത് ദേവധാരിൽ എത്തിയപ്പോഴാണ്. അന്ജ്ജാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ആയിരുന്ന  ആസ്സ്യ ടീച്ചർ എന്നും കോപ്പി എഴുതിക്കുമായിരുന്നു. കഥകളും, കടങ്കഥകളും,പഴ ന്ജോല്ലുകളും, ഒക്കെയായി എത്രയോ പാഠങ്ങൾ അതിലൂടെ എഴുതി തുടങ്ങി. പ്രേമ ടീച്ചറുടെ  കണക്കിലെ അക്കങ്ങൾ പാടത്തിന്റെ ഓരത്ത് കൂടി പോകുന്ന റയിൽവേ ബോഗികളെ പോലെ നീണ്ടു വളഞ്ഞ് കിടന്നിരുന്നു. എഴുതുന്നത്‌ തെറ്റുമ്പോഴോക്കെ കുഞ്ഞു കൈകൾക്ക് മീതെ, ടീച്ചറുടെ കൈകൾ ജീവിതത്തിന്റെ അക്ഷരങ്ങളെ നേർ രേഖയിൽ കൊണ്ട് പോകണമെന്ന ഉപദേശത്തോടെ കൂടെ വരുമായിരുന്നു.

കുസിര്തികൾക്കും, കുട്ടിത്തത്തിനും, ഒക്കെ അർദ്ദ വിരാമം നല്കി ആദ്യമായി  താനൊരു വ്യക്തി ആണെന്ന് അഭിമാന ബോധം നല്കിയത് അഷ്‌റഫ്‌ മാസ്റ്റരുടെ സാമൂഹ്യ പാഠം ക്ലാസ്സുകലായിരുന്നു. അശ്രഫ് സാർ ഇനീഷ്യൽ ചേര്ത്തു പേര് വിളിക്കുമ്പോൾ,'' പ്രസന്റ് സാർ'' എന്നുള്ള തല ഉയരത്തി പിടിച്ചുള്ള മറുപടിയിൽ ആ സന്തോഷവും, അഭിമാനവും, ഒക്കെയും, ചാലിച്ചിരുന്നു. അവിടെ ചെയ്തിരുന്ന ശരികൾക്ക് ഗുരു നാതന്മാരിൽ നിന്നും, ലഭിച്ചിരുന്ന സ്നേഹ പൂര്ണ്ണമായ തലോടലും, ചെയ്തിരുന്ന തെറ്റുകൾക്ക് ലഭിച്ചിരുന്ന ശാസനാ പൂര്ണ്ണമായ ശിക്ഷയും, ശകാരവും, ഒക്കെ ആണ് ഒരു വ്യക്തി എന്ന വളര്ച്ചയ്ക്ക് പൂർണ്ണത നല്കിയത്.

ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടും ഇല്ല . അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് ഓർക്കാൻ സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഉണർത്തു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്. കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ.  പ്രിയപ്പെട്ട കുഞ്ഞാപ്പ മാസ്റ്റെർ , രവീന്ദ്രൻ  മാഷ്‌, യോഹന്നാൻ മാഷ്‌, മദനി സാർ , പാത്തുമ്മ ടീച്ചർ, മനോഹരമായി പുഞ്ചിരിക്കുന്ന പ്രിയപ്പെട്ട റസിയ ടീച്ചർ.., അങ്ങിനെ അത് ഒടുക്കം ഇപ്പോൾ സുരേന്ദ്രന മാഷിലും, പ്രഷാന്ത് മാഷിലും,സല്മ്മ ടീച്ചരിലും , സാജിത ടീചെരിലും മറ്റും  എത്തി നില്ക്കുന്നു. അവരൊക്കെ  ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവരാണ്. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുസ്മരണ  കൂടിയാണ് ഈ കുറിപ്പ്.

ജീവിതത്തിലെ കൊഴിഞ്ഞ ദിനങ്ങളിലെ  സുവർണ്ണ കാലം തന്നെയായിരുന്നു അതൊക്കെ. മധുരം മനസ്സില് കിനിയുംബോഴും, പൂര്ത്തിയാക്കാൻ പറ്റാതെ പോലെയെന്നുള്ള സുഖമുള്ള നോവ്‌ അവശേഷിപ്പിക്കുന്ന സ്വപ്ന ദിനങ്ങൾ. ഇന്നും ദേവധാരിൽ നിന്നും എനിക്ക് കിട്ടിയ കൂട്ടുകാരാണ് ഇപ്പോഴും, എന്റെ ആത്മ സുഹ്ർത്തുക്കൾ. മനസ്സില് വല പൊട്ടുകൾ പോലെ ചിതറി കിടക്കുന്ന ഭംഗിയുള്ള ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയ പ്പെട്ട കലാലയമേ നിന്റെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. സ്നേഹവും, സാഹോദര്യവും, സൗഹ്ര്ദവും ഒക്കെ കമ്പോള വല്കരിക്കപ്പെട്ട ഈ നവലോക ക്രമത്തിൽ നമുക്ക് ആ ഓര്മ്മകളെ നെഞ്ചോടു ചേര്ത്തു വെയ്ക്കാം. എണ്‍പതാം വാര്ഷികം ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട ആത്മ വിദ്യാലയത്തിന് സ്നേഹോഷ്‌ മളതയുടെ ഹൃദയാഭി വാദ്യങ്ങൾ .

**എണ്‍പതാം വാര്ഷികം ആഘോഷിക്കുന്ന ദേവധാർ യു.പി -സ്കൂളിന്റെ സപ്പ്ളിമെന്റിൽ  പ്രസിദ്ധീകരിച്ച  ഓര്മ്മക്കുറിപ്പ് ).**
 
Related Posts Plugin for WordPress, Blogger...