നാട്ടിൽ മഴ തകർത്ത് പെയ്യുകയാണെത്രേ..ഇന്നലെ വിളിച്ചപ്പോൾ അവൾ കേൾപ്പിച്ചു തന്നു തിമർത്തു പെയ്യുന്ന മഴയുടെ സംഗീതം.പണ്ട് വല്ലിമ്മച്ചി പറയുമായിരുന്നു "കാക്ക കണ്ണ് തുറക്കാത്ത മഴയെന്ന്. മേഘം കറുത്തിരുണ്ട്, പകൽ ഇരുളടഞ്ഞു ഹർഷാരവത്തോടെ, തുള്ളിയ്ക്കൊരു കുടം കണക്കെയാണെത്രേ..മഴ കോരി ച്ചൊരിയുന്നത്.
പ്രവാസത്തിന്റെ ഈ ഊഷരതയിലിരുന്ന് മഴയെ കുറിച്ച് ഓർക്കുമ്പോൾ എന്നും വല്ലാത്തൊരു നഷ്ട നൊമ്പരമാണ്. ഇവിടെ ഈ ചുട്ടു പൊള്ളുന്ന ചൂടിൽ എരിപിരി കൊള്ളുമ്പോൾനാട്ടിൽ മഴ ഇപ്പോഴും നിർത്താതെ പെയ്തുകൊണ്ടേയിരിക്കുന്നു. പൊയ് പോയ കാലത്തിൻറെ മഴക്കിനാവുകൾ വല്ലാത്തൊരു കുളിർമ്മയാണ് മനസ്സിന് സമ്മാനിക്കുന്നത്. എവിടെയാണെങ്കിലും, എല്ലായ്പ്പോഴും, മഴ നമുക്ക് തരുന്നത് അനുഭൂതിയും, കുളിർമ്മയും ആണല്ലോ.
മതി മറന്നു പെയ്യുന്ന മകയിരം ഞാറ്റു വേലയും, തിരി മുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയും, പുളിന്തോണി തുഴയുന്ന പൂനര്ത്തം ഞാറ്റുവേലയും ,പുകഞ്ഞു കേറുന്ന പൂയം ഞാറ്റുവേലയും, എല്ലാം ഇവിടെ ഈ എയർ കണ്ടീഷൻ ചെയ്ത ഫ്ലാറ്റിലിരുന്നു ഇന്റർനെറ്റിൽ പരതുമ്പോഴും മനസ്സിനെ കോൾമയിർ കൊള്ളിക്കുന്നുണ്ട് .
ഓര്മ്മകളും മറവികളും,തമ്മിൽ സന്ധിക്കുന്നിടത്താണ് മഴക്കിനാവുകൾ.പണ്ട് ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ നൂലുകൾക്കിടയിലൂടെ ചേമ്പിലയും,ഓലക്കുടയും ചൂടി നടന്ന ബാല്യകാലത്തിലെ മഴ തന്നിരുന്ന അനുഭൂതിയുടെ അനുഭവങ്ങൾ ഒന്നൊന്നായി മനസ്സിൽ തെളിയുന്നു. മുറ്റത്ത് തളം കെട്ടി നില്ക്കുന്ന മഴവെള്ളവുമായി കുസിർദ്ധി കാണിച്ചിരിക്കവേ ഓടി വരുന്ന ഉമ്മച്ചിയുടെ കയ്യിലെ ഈറൻ ചുള്ളിവടിയുടെ നീറ്റലിൽ നിന്നും തുടങ്ങുന്നു അത്. പിന്നീട് ഒരു ഓലക്കുട പോലും ചൂടാനാവാത്ത ദാരിദ്ര്യത്തിന്റെ പെരുമഴയിൽ നീർച്ചാലിൽ തോർത്ത് മുണ്ട് വലയാക്കി മാറ്റി പരൽ മീനിനെ പിടിച്ചതും, അവയെ ചില്ലുഭരണിയിലെ വെള്ളത്തിലാക്കിയതും, നിറഞ്ഞു കവിഞ്ഞ അമ്പലക്കുളത്തിൽ ഉമ്മച്ചിയെ കാണാതെ അരയിൽതൊർത്തൊളിപ്പിച്ചു പോയി ചാടിനീന്തുന്നതും, മംബ്രം പാടത്ത് കെട്ടി നില്ക്കുന്ന വെള്ളത്തിൽ പോയി പന്ത് കളിച്ച് കയ്യൊടിഞതും, കളിക്കൂട്ടുകളായിരുന്ന മാളുവിനോടും,സൈഫുവിനോടും ഒപ്പം ഇറയത്തു കടലാസ്സു തോണിയിട്ടുകളിക്കുന്നതും,പോട്ടിപോകുന്ന ഇല്ലി മുളം കംബെടുത്തു പരപ്പൻ തോട്ടിൽ പോയി ചൂണ്ടയിട്ടപ്പോൾ ചൂണ്ടയിൽ കുരുങ്ങിയ നീർക്കോലിയെ കണ്ട് പേടിച്ചു ചൂണ്ട എറിഞ്ഞ് ഓടിയതും എല്ലാം ഇത് പോലുള്ള മഴക്കാലങ്ങളിൽ ആയിരുന്നു.
ചരൽ വാരിയെറിയും പോലെ തിമിർത്ത് പെയ്യുന്ന മുറ്റത്തെ ചെളിവെള്ളത്തിലേക്ക് വായിലെ വെറ്റില മുറുക്കിയത് നീട്ടി തുപ്പിയിരുന്ന് വല്ലിമ്മച്ചി പലപ്പോഴും പറഞ്ഞ് തന്നിട്ടുണ്ട് വറുതിയുടെ പഴയ പെരുമഴക്കാലത്തെ കുറിച്ച്. പട്ടിണിയും പരിവട്ടവും, ആയിരുന്നു എന്നും, വല്ലിമ്മചിയുടെ മഴക്കാല ഓർമ്മകളിൽ.നിലയ്ക്കാതെ പെയ്യുന്ന കർക്കിടകത്തിൽ താളും,തവരയും,മുരിങ്ങയിലയും,കാച്ചിലും,ഒക്കെയായി പശിയടക്കി സായൂജ്യമടഞ്ഞിരുന്ന ആ കഥകളിൽ ജീവിത യാഥാര്ത്യങ്ങളുടെ കണ്‍പീലികളിൽ മഴത്തുള്ളിയെ ആവാഹിച്ച പൂർവ്വികരുടെ വികാരങ്ങളെ ജ്വലിപ്പിച്ച് നിർത്തിയിരുന്നു.
കോരിചെരിയുന്ന പാതിരാ മഴയത്ത് തോളിൽ ഒരു മണ്‍വെട്ടിയും,തലയിൽ ഒരു തോപ്പിക്കുടയും ചൂടി, ചീവീടുകളോടും, തവളകളോടും കിന്നാരം പറഞ്ഞ് പാടത്ത് നെല്ലിനു വെള്ളം തിരിച്ചിടാൻ പോകുന്ന വല്ലിപ്പയുടെ ചിത്രവും മഴക്കാലത്തിൻറെ ഒർമ്മക്കൂട്ടിനു മാറ്റ് കൂട്ടുന്നു. കനലിൽ ചുട്ട ഉണക്ക മീനിന്റെയും,കപ്പ പുഴുക്കിന്റെയും,ഗന്ധം ഓർമ്മകളിൽ പടർത്തുന്നതും ഈ മഴക്കാലം തന്നെ. മഞ്ചാടി മണികളോടും, മയിൽപീലി തന്ടിനോടും, കിന്നാരം പറഞു കഥകൾ പങ്കിട്ട് പൊട്ടിയ സ്ലേറ്റുമായി കൂട്ടുകാരോട് കലപില കൂട്ടി സ്കൂളിലേക്ക് പോയിരുന്ന ബാല്യകാലത്തിന്റെ അനുഭൂതിയാണ് മഴക്കിനാവുകളിൽ എന്റെ പ്രിയപ്പെട്ടത്. നൊമ്പരം പടർത്തുന്നത് ചോർന്നൊലിക്കുന്ന തറവാട് വീടിന്റെ മുക്കിലും,മൂലകളിലും ഓട്ടുപാത്രങ്ങളുമായി ചോർച്ചയ്ക്ക് തടയിടാൻ നടക്കുന്ന ഉമ്മച്ചിയുടെ നിസ്സഹായതയും.
വറുതിയും,ഇല്ലായ്മകളും,നിറഞ്ഞ് നിന്നിരുന്ന മഴക്കിനാവുകൾ ഇന്ന് നമുക്ക് നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു. ഇന്ന് വറുതിയില്ല,ക്ഷാമമില്ല.അതുകൊണ്ട് തന്നെ പഴയ മഴക്കാല മുന്നൊരുക്കങ്ങളും,ഇന്ന് നാട്ടിൻ പുറങ്ങളിൽ കാണുന്നില്ല.പറമ്പുകളും, വയലേലകളും, ഞാറ്റുവേലികളും അന്യമായികൊണ്ടെയിരിക്കുന്നു.ഗ്രാമങ്ങളും, നാട്ടു വഴികളും, ഇല്ലാതായി കൊണ്ടേയിരിക്കുന്നു.പഴയ കാലത്തിന്റെ അടയാളങ്ങളൊന്നും ബാക്കി വെയ്ക്കാതെ നാട്ടു വഴികളും,ജീവിത വഴികളും, നമ്മളും, ഒക്കെ ഏതൊക്കെയോ ദിശകളിലേക്ക് മാറിയോഴുകി .
ഋതുഭേധങ്ങളൊന്നും, ആസ്വദിക്കാനാവാതെ കാലവും, ദേശവും,നമ്മളും, മാറിയതോടെ മഴക്കിനാവുകളും ഓർമ്മകളിൽ നിന്ന് പോലും മാഞ്ഞ് തുടങ്ങി.തൂമ്പയും, കലപ്പയും, കന്നാലികളും ഗ്രാമങ്ങളിൽ നിന്നും, അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. നമ്മുടെ അത്യാർത്തി എല്ലാത്തിലും,മാറ്റങ്ങൾ വരുത്തി.പുരോഗതി കാലത്തോടൊപ്പം കുതിച്ചതോടെ മഴക്കാലത്തിനും, ഏറെ മാറ്റം. അത് കൊണ്ട് തന്നെയാവണം കാലം തെറ്റി വരുന്ന മഴയെ ഇന്റർ ലോക്കിട്ട മുറ്റത്ത് നി ന്ന് "ടെർട്ടി-റൈൻ " എന്ന് നമുക്ക് ശപിക്കേണ്ടി വരുന്നതും.
ചിത്രങ്ങൾക്ക് കടപ്പാട് :..." ബെസ്റ്റ് ഓഫ് കേരള "എന്ന ഫേസ് -ബുക്ക് പ്രൊഫൈലിനോട് ....
ReplyDeleteമഴ പെയ്യും മുറ്റമൊക്കെ
ReplyDeleteമാറും വന്‍കടലായ് ഇനി
ഓര്‍മകളില്‍ വീണ്ടും പെരുമഴക്കാലം...
ReplyDeleteRain here too much missing....
ReplyDeleteകൊതിപ്പിച്ചു കൊല്ലാന്‍ ഒരു നല്ല പോസ്റ്റ് , നന്നായി സഹീര്‍ ,
ReplyDeleteഓര്‍മകളില്‍ വീണ്ടും പെരുമഴക്കാലം...
ReplyDeleteഇത് കൊള്ളാം
ReplyDeleteതിമിർത്ത് പെയ്യും പേമാരി ..... ചിലപ്പൊ .... ഒരു ശല്യം മാകാറുണ്ട് .....
ReplyDeleteഎന്നാലും എനികിഷ്ടം ആ പേമാരി യാ .....