Tuesday, February 14, 2012

പ്രണയത്തിന്‍റെ വാലന്റൈന്‍സ്-ഡേ....

വാലന്റൈന്‍സ്-ഡേ....
സ്നേഹ ബദ്ധരായ യുവ ജനങ്ങളുടെ പ്രണയ സാഫല്യത്തിന് അനുഗ്രഹാശിരസ്സുകള്‍ നല്‍കിയ പുരോഹിതന്റെ പേര് കൊണ്ട് പ്രഖ്യാപിതമായ അനശ്വരനുരാഗത്തിന്റെ ദിനം.
ആളൊഴിഞ്ഞ പ്രവാസത്തിന്‍റെആരവങ്ങല്‍ക്കപ്പുറം ഒരു വാലന്റൈന്‍സ് ഡേ..കൂടി കടന്നു പോയി. വാലന്റൈന്‍സ്-ഡേ കളില്‍ പതിവായി കിട്ടിയിരുന്ന മെസ്സജുകളും,മെയിലുകളും,ഇന്ബോക്സുകളില്‍ അങ്ങിനെ തന്നെ കിടക്കുന്നുണ്ട്.കലാലയ ഓര്‍മ്മകളിലെ വാലന്റൈന്‍സ് ആവേശങ്ങള്‍ ഒന്നും എന്തുകൊണ്ടോ ഈ പ്രവാസത്തിലെ ഏകാന്തതകളില്‍ കിട്ടുന്നില്ല. പ്രണയത്തിനായി ഒരു ദിനം എന്ന സങ്കല്‍പ്പത്തെ ഇന്ന് പലരും എതിര്‍ത്തു പോരുന്നുണ്ട്.പക്ഷെ എനിക്കതിനോട് വലിയ താല്‍പ്പര്യം ഒന്നുമില്ല.പ്രണയം കച്ചവട വല്കരിക്കുന്നതിനായാണ് ഈ ദിനം എന്ന് പലരും പരിഭവിക്കുന്നുണ്ട്‌....'പക്ഷെ ഒന്ന് ഞാന്‍ ചോദിക്കട്ടെ...കച്ചവട വല്ക്കരിക്കാത്തതായി എന്താണ് നമുക്കിടയില്‍ ഉള്ളത്..?സ്നേഹവും,സാഹോദര്യവും,സൌഹൃദവും,തുടങ്ങി.. അമ്മിഞ്ഞ നുണയേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ബോട്ടിലുകളുടെ വേഷ-വിതാനങ്ങള്‍ അണിഞ്ഞെത്തുന്ന കുപ്പിപ്പാല്‍ വഴി ,പരിശുദ്ധമായ മാത്ര്‍ത്ത്വം പോലും ഈ വര്‍ത്തമാന കാലത്തിന്റെ നവലോക ക്രമം    കമ്പോലവല്കരിക്കപെട്ടിരിക്കുന്നു.

എന്തായാലും ഞാന്‍ പറയും ..ലോകത്തെ ഏറ്റവും പവിത്രമായ വികാരം പ്രണയമാണെന്ന്...അനുരാഗത്തിന്റെ മാസ്മരിക സ്പര്‍ശം കണ്ണുകളില്‍ വിസ്മയം വിരിയിക്കുന്നു.അനുരാഗം ജനിപ്പിക്കുന്ന തീവ്രാഭിലാഷം അത് ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.പ്രണയത്തിന്‍റെ പേരിലാണ് പരിശുദ്ധ പിതാവ് ആദം പോലും ആദി പാപം ചെയ്തത്.അനുരാഗമെന്ന വികാരം ലോകത്തെ കിടിലം കൊള്ളിച്ചതിനു ഇനിയും എത്രയോ..ഉദാഹരണങ്ങള്‍.....,,. ഭൂ-ഖണ്ഡങ്ങളുടെ ചരിത്രം മാറ്റിയെഴുതിയ ക്ലിയോ-പാട്രയും,ഇതിഹാസങ്ങള്‍ തീര്‍ത്ത ഹെലനും,പ്രണയ സാക്ഷാല്‍കാരത്തിനായി കിരീടവും,ചെങ്കോലും വലിച്ചെറിഞ്ഞ ആംഗലേയ-ചക്രവര്‍ത്തിയും,തന്റെ കാമിനിയോടുള്ള സ്നേഹാതിരേകത്തിനു വെണ്ണ കല്ലില്‍ ശില്‍പ്പ വിസ്മയം ഒരുക്കിയ ഷാജഹാനും,മുക്ധാനുരാഗത്തിന്റെ ചെതോഹരങ്ങളായ സന്ദേശ കാവ്യങ്ങളും,എല്ലാം പ്രണയത്തിന്‍റെ ശക്തിക്കും,തീവ്രതക്കും,നിദര്‍ശനമാണ്...


വാലന്റൈന്‍സ് ഡേ..യോട് അനുബന്ധിചാവണം മെയിലുകളിലും,നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും എല്ലാം പ്രണയം മാത്രമാണ് വിഷയം...
പലരും പല തരത്തില്‍ പ്രണയത്തെ വ്യാഖ്യാനിച്ചിരിക്കുന്നു...
"അപ്പൂപ്പന്‍ താടി " കൂട്ടായ്മയിലെ ബ്ലോഗ്ഗുകള്‍ മുഴുവന്‍ പ്രണയ ചിന്തകളാണ്.......
മാറിയ കാലത്ത് പ്രണയം മരിച്ചുവോ എന്ന് പരിഭവിക്കുന്ന "ഹിമ " എന്ന കൂട്ടുകാരിയുടെ പ്രണയ ചിന്തകള്‍ നോക്കുക...

കടലാസുകള്‍ കത്തുകള്‍ ആയി കൈമാറിയിരുന്ന പ്രണയം
കാത്തിരിപ്പിന്റെ സുഖം അറിയിച്ചിരുന്ന ആ പ്രണയം
പാടവരമ്പില്‍ കൂടി പ്രണയിനിയും കൂട്ടുകാരും നടന്നു വരുമ്പോള്‍
ആല്‍ത്തറയില്‍ നിന്നു നോക്കി നിന്നൊരാ പ്രണയം
അമ്പലത്തില്‍ സന്ധ്യക്ക് തെളിയുന്ന
കല്‍വിളക്കില്‍ തിരി കൊളുത്താന്‍ അവള്‍ എത്തുമ്പോള്‍
ചൊരിയുന്ന പുഞ്ചിരി പോല്‍ ആ പ്രണയം
ഇട വഴികളില്‍ സൈക്കിളിന്‍
ബെല്ലാല്‍ ശബ്ദിച്ചിരോന്നരാ പ്രണയം
പ്രണയം അറിഞ്ഞപ്പോള്‍ പുഴയുടെ ഓരങ്ങളും
കുന്നിന്‍ ചെരിവിലെ പുല്‍മേടുകളും
തഴുകുമായിരുന്നോരാ ആ പ്രണയം
കത്തുകള്‍ മൊബൈല്‍ ഫോണ്‍ ആയി മാറിയപ്പോള്‍
കാത്തിരിപ്പിന്റെ സുഖം നഷ്ടപെട്ടുവോ
പാടവരമ്പും ആല്‍ത്തറയും കല്‍വിളക്കും
സൈക്കിളും പുഴയും പുല്‍മേടുകളും
വഴി മാറി പോയപ്പോള്‍ പ്രണയം മരവിച്ചുവോ
അതോ മനസുകളോ?
മറ്റൊരു കൂട്ടുകാരി ബിന്ദു-ഗോപന്‍ പ്രണയ ദിനത്തെ ഇങ്ങിനെ നിര്‍വചിച്ചിരിക്കുന്നു.....
ഇന്ന് പ്രണയം എന്നില്‍ പെയ്തിറങ്ങിയ ദിനം
ഒപ്പം
പ്രണയം എന്നില്‍ നിന്ന് പെയ്തു പോയ ദിനവും
വേദന എന്നില്‍ അലറി പിടയുമ്പോള്‍
തെയ്യക്കോലങ്ങള്‍  മുടിയഴിച്ചാടുമ്പോള്‍..
തിരമാല   വല്ലാതെ ആര്‍ത്തു   ചിരിക്കുമ്പോള്‍ 
കനത്ത ദുഖത്തിന്‍ കരിമ്പടം ചുറ്റി ഞാന്‍
എന്നെയും
കൊണ്ടേതോ  ചുഴിയിലെക്കൊടുമ്പോള്‍
വയ്യിനി ഇതുപോലൊരു ദിനം കൂടി..
പോകയാണ് ഞാന്‍
എല്ലാ കാത്തിരിപ്പിനും
അറുതി തേടി

പ്രണയം ഒരു മാരിവില്ല്... എന്ന തന്റെ കവിതയില്‍ അപര്‍ണ്ണ ഇങ്ങിനെ എഴുതിയിരിക്കുന്നു......
"കയ്യെത്തും ഇടത്തെന്നു തോന്നുന്ന
ഒരു കാണാമാരിവില്ല്.
പെയ്യുന്നത് എഴുവര്‍ണങ്ങളാവാന്‍
മഴനൂല്‍ന്നെയ്യുന്ന മാരിവില്ല് .
ഒരുകാറ്റില്‍ ..ഒരു മഴയില്‍
മാഞ്ഞേ പോകുന്ന പാവം  മാരിവില്ല്.
പ്രണയം പൂ മഴ പോലെ ......
പാതിരാകനവിന്റെ മുറ്റത്ത്‌
അത് പനിനീര്‍പ്പൂക്കള്‍ വിരിയിച്ചു .
ഒരു വസന്ത കാലത്തിന്റെ സുഗന്ധം
ഒരു നാഴികയില്‍ തീര്‍ത്തു -
ഒടുവില്‍ വേനലിലേക്ക് ;
നടന്നിറങ്ങി പോയ ഋതുവായ്!
പ്രണയം ഒരു കവിത പോലെ ....
നിലാവിന്‍ നേര്‍ത്ത വിരല്‍തുമ്പാല്‍ - 
അത് വൃത്തഭംഗികള്‍ തീര്‍ത്തു.
വരികളില്‍ പൌര്‍ണമികള്‍ ഒളിച്ചു വെച്ചു.
വൃദ്ധിഭംഗത്തില്‍ തകരുന്ന -
തിങ്കളായ് ഒടുവില്‍ മാഞ്ഞു.
പ്രണയം ഒരു കടല്‍ പോലെ...
കാണാകരയിലേക്ക്
അത് കടലാസ് വഞ്ചി ഇറക്കി.
തിരകളില്‍ മറഞ്ഞു പോകുവോളം
തീരാതെ.. നോക്കി നിന്നു വിതുമ്പി .
പ്രണയം ഒരു തീരാ വ്യഥ പോലെ ...
പ്രാണന്റെ തന്ത്രികളില്‍
ശ്രുതി തകരുവോളം വിരലമര്‍ത്തി .
തണിര്‍ത്ത വിരലുകളിലെ തണുപ്പായ്
കരളിലെ നീലാംബരി രാഗമായ് തുടിച്ചു.
പ്രണയം ഉത്തരം കിട്ടാത്ത കടംകഥ
വാക്കുകളിലെ കുരുക്കില്‍
തകരുന്ന  ഉത്തരം കാത്ത്
മറുഭാഷക്കായ് വ്യര്‍ത്ഥം ....
ജന്മാന്തരങ്ങളോളം കാത്തിരിക്കും-
പ്രണയം കടംകഥമാത്രം.

പ്രണയത്തെ കുറിച്ചു എഴുതുമ്പോഴും,ചിന്തിക്കുമ്പോഴും മനസ്സില്‍ ഇങ്ങിനെ എത്ര -എത്ര വികാരങ്ങളാണ് ഉരുത്തിരിയുന്നത്................................................... 

അപ്പൂപ്പന്‍ താടിയിലെ മറ്റൊരു സ്ഥിരം സുഹ്രത്തായ ടി.സി.വി.സതീശന്‍ പ്രണയത്തിന്‍റെ നിറത്തെ കുറിച്ചു എഴുതിയിരിക്കുന്നത് കാണുക ....

പ്രണയത്തിന്‍റെ നിറമെന്താണ്
ചുവപ്പ് ,ഹൃദയത്തെപ്പോലെ ..
പ്രണയിക്കുന്നവര്‍ പ്രണയിനികള്‍ക്കായി
ചുവന്ന റോസാപ്പൂക്കള്‍ കരുതി വെയ്ക്കുന്നു
കടുത്ത വര്‍ണ്ണങ്ങളില്‍ അവര്‍
ജീവിതം പ്രണയിച്ചു തീര്‍ക്കുന്നു
പ്രണയത്തിന്‍റെ നിറമെന്താണ്
നീലയായിരിക്കണമതു ,
നീല ജലാശയം പോലെ
ആഴവും പരപ്പുമില്ലാതെന്തു പ്രണയം
കടലുപോലെ ഉള്‍ക്കൊള്ളുവാന്‍
പ്രണയത്തിനുമാവണം അതല്ലേ പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിന്‍റെ നിറം വെളുപ്പാണ്‌
വെള്ളരിപ്രാവുകളെ പോലെയതു
സമാധാനത്തിന്റെതായിരിക്കണം
അസ്വസ്തതകളില്ലാത്ത ,
അശാന്തികളില്ലാത്ത മനസ്സാണു പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു പച്ചയായിരിക്കണം നിറം.
പച്ച പട്ടുടുത്ത ഭൂമിയെപ്പോലെ നിത്യ
ഹരിതമായിരിക്കണം പ്രണയമെന്നുമെന്നും
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു നിറമില്ലെന്നതു തന്നെ
പ്രണയത്തിന്റെ നിറം
ഏഴു വര്‍ണ്ണങ്ങളില്‍
എതുവര്‍ണ്ണവും പ്രണയമാകാം
പ്രണയമല്ലാതെ വര്‍ണ്ണ
മെന്തുണ്ടുലകില്‍ വര്‍ണ്ണമായി വേറെ
പുനര്‍ജ്ജനി പോലെ
പുനരാവൃത്തിക്കപ്പെടെണ്ടതാണ്
പ്രണയവും
മരണവും കാലവും ഭേദിച്ചു പ്രണയമെന്നും
യവ്വനം കാത്തു സൂക്ഷിക്കവേണം
പ്രണയമില്ലാത്ത ജീവിതവും
ജീവിതമില്ലാത്ത പ്രണയവും
വെള്ളമില്ലാത്ത ആഴക്കടലുപോലെ
നക്ഷത്രങ്ങളില്ലാത്ത ആകാശം പോലെ
വിരസവും വിരക്തവുമാവുമല്ലോ
പ്രണയിക്കുക നീ മതിവരുവോളം
പ്രണയിക്കുക നീ കൊതിതീരുവോളം
.........................................................


പ്രണയത്തെ കുറിച്ചു ഇങ്ങിനെ ആര് എത്ര എഴുതിയാലും വര്‍ണ്നിച്ചാലും തീരില്ല....
അതെ....
"പ്രണയം പുതു-മഴ പോലെ.....,
കാലപ്പഴക്കത്തില്‍ 
കര്‍ക്കിടകത്തിലെ കറുത്ത മഴ പോലെയും............."

ഏവര്‍ക്കും  പ്രണയത്തിന്‍റെ ഹാപ്പി-വാലന്റൈന്‍സ്....ആശംസകള്‍......,.............
Related Posts Plugin for WordPress, Blogger...