Thursday, July 11, 2013

മാഞ്ഞ് പോകുന്ന മഴക്കിനാവുകൾ.


നാട്ടിൽ മഴ തകർത്ത് പെയ്യുകയാണെത്രേ..ഇന്നലെ വിളിച്ചപ്പോൾ അവൾ കേൾപ്പിച്ചു തന്നു തിമർത്തു പെയ്യുന്ന മഴയുടെ സംഗീതം.പണ്ട് വല്ലിമ്മച്ചി പറയുമായിരുന്നു "കാക്ക കണ്ണ് തുറക്കാത്ത മഴയെന്ന്.  മേഘം കറുത്തിരുണ്ട്‌, പകൽ ഇരുളടഞ്ഞു  ഹർഷാരവത്തോടെ, തുള്ളിയ്ക്കൊരു കുടം കണക്കെയാണെത്രേ..മഴ കോരി ച്ചൊരിയുന്നത്.

 പ്രവാസത്തിന്റെ  ഈ ഊഷരതയിലിരുന്ന് മഴയെ കുറിച്ച് ഓർക്കുമ്പോൾ എന്നും വല്ലാത്തൊരു നഷ്ട നൊമ്പരമാണ്. ഇവിടെ ഈ ചുട്ടു പൊള്ളുന്ന ചൂടിൽ എരിപിരി കൊള്ളുമ്പോൾനാട്ടിൽ  മഴ ഇപ്പോഴും നിർത്താതെ പെയ്തുകൊണ്ടേയിരിക്കുന്നു.  പൊയ് പോയ കാലത്തിൻറെ മഴക്കിനാവുകൾ വല്ലാത്തൊരു കുളിർമ്മയാണ്‌ മനസ്സിന്  സമ്മാനിക്കുന്നത്. എവിടെയാണെങ്കിലും, എല്ലായ്പ്പോഴും, മഴ  നമുക്ക്  തരുന്നത്  അനുഭൂതിയും, കുളിർമ്മയും ആണല്ലോ.
മതി മറന്നു പെയ്യുന്ന മകയിരം ഞാറ്റു വേലയും, തിരി മുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയും, പുളിന്തോണി  തുഴയുന്ന  പൂനര്ത്തം ഞാറ്റുവേലയും ,പുകഞ്ഞു കേറുന്ന  പൂയം ഞാറ്റുവേലയും,  എല്ലാം   ഇവിടെ ഈ എയർ കണ്ടീഷൻ  ചെയ്ത ഫ്ലാറ്റിലിരുന്നു ഇന്റർനെറ്റിൽ പരതുമ്പോഴും മനസ്സിനെ കോൾമയിർ കൊള്ളിക്കുന്നുണ്ട് . 

ഓര്മ്മകളും മറവികളും,തമ്മിൽ സന്ധിക്കുന്നിടത്താണ് മഴക്കിനാവുകൾ.പണ്ട് ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ നൂലുകൾക്കിടയിലൂടെ ചേമ്പിലയും,ഓലക്കുടയും ചൂടി നടന്ന ബാല്യകാലത്തിലെ മഴ തന്നിരുന്ന അനുഭൂതിയുടെ അനുഭവങ്ങൾ ഒന്നൊന്നായി  മനസ്സിൽ തെളിയുന്നു. മുറ്റത്ത് തളം കെട്ടി നില്ക്കുന്ന മഴവെള്ളവുമായി കുസിർദ്ധി കാണിച്ചിരിക്കവേ ഓടി വരുന്ന ഉമ്മച്ചിയുടെ കയ്യിലെ ഈറൻ ചുള്ളിവടിയുടെ നീറ്റലിൽ നിന്നും തുടങ്ങുന്നു അത്. പിന്നീട് ഒരു ഓലക്കുട പോലും ചൂടാനാവാത്ത ദാരിദ്ര്യത്തിന്റെ പെരുമഴയിൽ നീർച്ചാലിൽ തോർത്ത്  മുണ്ട്  വലയാക്കി മാറ്റി പരൽ മീനിനെ പിടിച്ചതും, അവയെ ചില്ലുഭരണിയിലെ വെള്ളത്തിലാക്കിയതും, നിറഞ്ഞു കവിഞ്ഞ   അമ്പലക്കുളത്തിൽ ഉമ്മച്ചിയെ  കാണാതെ അരയിൽതൊർത്തൊളിപ്പിച്ചു പോയി ചാടിനീന്തുന്നതും, മംബ്രം പാടത്ത് കെട്ടി നില്ക്കുന്ന വെള്ളത്തിൽ പോയി പന്ത് കളിച്ച് കയ്യൊടിഞതും, കളിക്കൂട്ടുകളായിരുന്ന മാളുവിനോടും,സൈഫുവിനോടും ഒപ്പം ഇറയത്തു കടലാസ്സു തോണിയിട്ടുകളിക്കുന്നതും,പോട്ടിപോകുന്ന ഇല്ലി മുളം കംബെടുത്തു പരപ്പൻ തോട്ടിൽ പോയി ചൂണ്ടയിട്ടപ്പോൾ ചൂണ്ടയിൽ കുരുങ്ങിയ നീർക്കോലിയെ കണ്ട് പേടിച്ചു ചൂണ്ട എറിഞ്ഞ് ഓടിയതും എല്ലാം ഇത് പോലുള്ള മഴക്കാലങ്ങളിൽ ആയിരുന്നു.


ചരൽ വാരിയെറിയും പോലെ തിമിർത്ത് പെയ്യുന്ന മുറ്റത്തെ ചെളിവെള്ളത്തിലേക്ക് വായിലെ വെറ്റില മുറുക്കിയത് നീട്ടി തുപ്പിയിരുന്ന് വല്ലിമ്മച്ചി പലപ്പോഴും പറഞ്ഞ് തന്നിട്ടുണ്ട് വറുതിയുടെ പഴയ പെരുമഴക്കാലത്തെ കുറിച്ച്. പട്ടിണിയും പരിവട്ടവും, ആയിരുന്നു  എന്നും,  വല്ലിമ്മചിയുടെ മഴക്കാല ഓർമ്മകളിൽ.നിലയ്ക്കാതെ പെയ്യുന്ന കർക്കിടകത്തിൽ താളും,തവരയും,മുരിങ്ങയിലയും,കാച്ചിലും,ഒക്കെയായി പശിയടക്കി സായൂജ്യമടഞ്ഞിരുന്ന ആ കഥകളിൽ ജീവിത യാഥാര്ത്യങ്ങളുടെ കണ്‍പീലികളിൽ മഴത്തുള്ളിയെ ആവാഹിച്ച പൂർവ്വികരുടെ വികാരങ്ങളെ ജ്വലിപ്പിച്ച് നിർത്തിയിരുന്നു.

കോരിചെരിയുന്ന പാതിരാ മഴയത്ത് തോളിൽ ഒരു മണ്‍വെട്ടിയും,തലയിൽ ഒരു തോപ്പിക്കുടയും ചൂടി, ചീവീടുകളോടും, തവളകളോടും കിന്നാരം പറഞ്ഞ് പാടത്ത് നെല്ലിനു വെള്ളം തിരിച്ചിടാൻ പോകുന്ന വല്ലിപ്പയുടെ ചിത്രവും മഴക്കാലത്തിൻറെ  ഒർമ്മക്കൂട്ടിനു മാറ്റ് കൂട്ടുന്നു. കനലിൽ ചുട്ട ഉണക്ക മീനിന്റെയും,കപ്പ പുഴുക്കിന്റെയും,ഗന്ധം ഓർമ്മകളിൽ പടർത്തുന്നതും ഈ മഴക്കാലം തന്നെ. മഞ്ചാടി മണികളോടും, മയിൽ‌പീലി തന്ടിനോടും, കിന്നാരം പറഞു കഥകൾ പങ്കിട്ട് പൊട്ടിയ സ്ലേറ്റുമായി  കൂട്ടുകാരോട് കലപില  കൂട്ടി സ്കൂളിലേക്ക് പോയിരുന്ന ബാല്യകാലത്തിന്റെ അനുഭൂതിയാണ് മഴക്കിനാവുകളിൽ എന്റെ പ്രിയപ്പെട്ടത്. നൊമ്പരം പടർത്തുന്നത് ചോർന്നൊലിക്കുന്ന തറവാട് വീടിന്റെ മുക്കിലും,മൂലകളിലും ഓട്ടുപാത്രങ്ങളുമായി ചോർച്ചയ്ക്ക് തടയിടാൻ നടക്കുന്ന ഉമ്മച്ചിയുടെ നിസ്സഹായതയും.

വറുതിയും,ഇല്ലായ്മകളും,നിറഞ്ഞ് നിന്നിരുന്ന മഴക്കിനാവുകൾ ഇന്ന് നമുക്ക് നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു. ഇന്ന് വറുതിയില്ല,ക്ഷാമമില്ല.അതുകൊണ്ട് തന്നെ പഴയ മഴക്കാല മുന്നൊരുക്കങ്ങളും,ഇന്ന് നാട്ടിൻ പുറങ്ങളിൽ കാണുന്നില്ല.പറമ്പുകളും, വയലേലകളും, ഞാറ്റുവേലികളും അന്യമായികൊണ്ടെയിരിക്കുന്നു.ഗ്രാമങ്ങളും, നാട്ടു വഴികളും, ഇല്ലാതായി കൊണ്ടേയിരിക്കുന്നു.പഴയ  കാലത്തിന്റെ അടയാളങ്ങളൊന്നും ബാക്കി വെയ്ക്കാതെ നാട്ടു വഴികളും,ജീവിത  വഴികളും, നമ്മളും, ഒക്കെ ഏതൊക്കെയോ ദിശകളിലേക്ക്  മാറിയോഴുകി .

ഋതുഭേധങ്ങളൊന്നും, ആസ്വദിക്കാനാവാതെ കാലവും, ദേശവും,നമ്മളും, മാറിയതോടെ മഴക്കിനാവുകളും ഓർമ്മകളിൽ നിന്ന്  പോലും മാഞ്ഞ്  തുടങ്ങി.തൂമ്പയും, കലപ്പയും, കന്നാലികളും ഗ്രാമങ്ങളിൽ നിന്നും, അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. നമ്മുടെ അത്യാർത്തി  എല്ലാത്തിലും,മാറ്റങ്ങൾ വരുത്തി.പുരോഗതി കാലത്തോടൊപ്പം കുതിച്ചതോടെ മഴക്കാലത്തിനും, ഏറെ മാറ്റം. അത്  കൊണ്ട്  തന്നെയാവണം കാലം തെറ്റി വരുന്ന  മഴയെ ഇന്റർ ലോക്കിട്ട മുറ്റത്ത്  നി ന്ന്      "ടെർട്ടി-റൈൻ " എന്ന്‌ നമുക്ക് ശപിക്കേണ്ടി വരുന്നതും.

Sunday, May 26, 2013

പി.എം.ഹനീഫ് : നിസ്വാർത്ഥതയുടെ ആൾ രൂപം .


ചില വേര്‍പാടുകള്‍ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു. അടുത്ത കാലത്തൊന്നും ഇത്രയേറെ മനസ്സിനെ മഥിച്ച മറ്റൊരു വേര്‍പാട് ഉണ്ടായിട്ടില്ല.വിദ്യാർഥി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിരുന്ന  കാലയളവിൽ എന്നും ഒരു മാർഗ  ദർശിയായി കൂടെയുണ്ടായിരുന്ന  പ്രിയപ്പെട്ട പി.എം .ഹനീഫ്കയുടെ വിയോഗം അക്ഷരാർഥത്തിൽ മനസ്സിന്  ഒരു ഷോക്കായി .ഇന്നലെ  രാത്രി നെറ്റിലൂടെ ഏറെ വൈകിയാണ്  വിവരം അറിയുന്നത് .പ്രവാസത്തിന്റെ  ഈ  ഏകാന്തതകളിൽ  ഇത്തരം വാർത്തകളുടെ യാഥാർത്യങ്ങളോട് മനസ്സ്  എന്നും വൈമനസ്സ്യത്തോടെയാണ്  പ്രതികരിക്കുക. പ്രവാസം വരുത്തുന്ന  ഏറ്റവും വലിയ നഷ്ടവും  ഇത്തരത്തിലുള്ള  സഹാജര്യങ്ങളാണ്    .നമുക്ക്  ഏറെ പ്രിയപ്പെട്ടവരുടെ  വേർപാട്  ഇവിടെയിരുന്ന്  കേൾക്കുമ്പോൾ  വല്ലാത്തൊരു ശൂന്യതയാണ് . .ആ ശൂന്യതയുടെ  അർത്ഥവും ,ആഴവും ഇന്നലെ  വേണ്ടുവോളം അനുഭവിച്ചു. 

സത്യത്തിൽ ആരായിരുന്നു ഹനീഫ്ക. രാഷ്ട്രീയ നേതാവിന്റെ മാനറിസങ്ങൾ ഒന്നും തന്നെ കാണിക്കാത്ത ഒരു നേതാവ്..ഒരു സഹോദരന അല്ലെങ്കിൽ ഒരു സുഹൃത്ത്‌ എന്നാ നിലയിൽ ഇടപെടാൻ കഴിയുമായിരുന്നു. മലപ്പുറം ഗവർമെന്റു  കോളേജിൽ നിന്ന്  ഒരു  ക്യാംപെസ്സ്  ഇലക്ഷൻ  കാലത്ത്  നിന്ന്  തുടങ്ങുന്നു  അദ്ദേഹവുമായുള്ള  പരിജയം. അത്  പിന്നീട് സന്ഖടനാ രംഗത്തിലൂടെ ഊർജ്ജിതമായി .  ഇ .എം .ഇ .എ .ട്രെയിനിംഗ്  കോളേജിൽ  ഒരുമിച്ചുണ്ടായിരുന്ന  അദ്ദേഹത്തിൻറെ  സഹോദരൻ ഫസൽ  വഴി  ആ  ബന്ധം ഒന്ന് കൂടി  ഊഷ്മളമായി . പലപ്പോഴായി കാണുമ്പോഴും പഠനത്തെ കുറിച്ച് ചോദിക്കും., അവസാനമായി കാണുന്നത് കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ കിലയിൽ വെച്ച് കുടുംബശ്രീ യുടെ റിസോർസ് ക്യാമ്പിൽ വെച്ചായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേക ക്ഷണ പ്രകാരം ആ ക്യാമ്പിൽ വെറുതെയൊന്നു മുഖം കാണിച്ചു.അന്നും ഏറെ സംസാരിച്ചിരുന്നു . എം എസ എഫിന്റെ രണ്ടാം വരവിനു തുടക്കം കുറിച്ചത് ഒരു പക്ഷെ പീ എം ഹനീഫ , പീ എം സാദികലി കൂട്ട്  സി.കെ.സുബൈർ  കൂട്ട് കെട്ടിലൂടെയായിരുന്നു  .എം എസ എഫിന്റെ വേദികളിൽ പലപ്പോഴും അദേഹത്തെ കാണാൻ സാധിച്ചിരുന്നത് ഒരു ഡയറി ,കൂടെ ഒരു പേന യുമായിട്ടായിരുന്നു. ഒരു മൂലയിൽ തനിച്ചിരുന്നു കുത്തിക്കുറിക്കുന്ന ഹനീഫ്ക. അത് പ്രസഗികന്റെ വാക്കുകളാവം, അല്ലെങ്കിൽ സ്വന്തം ചിന്തകളാവാം. എന്ത് തന്നെ ആയാലും നഷ്ടപ്പെട്ടത് സൌമ്യനായ ഒരു രാഷ്ട്രീയ പ്രവര്തകനെയാണ്,.. ഒരു പഞ്ചായത്ത് അല്ലെങ്കിൽ യൂനിറ്റ് നേതാവാകുംപോഴേക്കും ഖദർ ഇട്ടു നടക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടി നേതാക്കളെക്കാൾ വിനയം കാണിച്ചു ഒരിക്കൽ പോലും ഖദറിൽ കാണപ്പെടാത്ത ഹനീഫ്ക. ചിരിച്ചു ഒരു തോളത് തട്ടി സുഖം അന്വേഷിക്കാൻ ഇനി അദേഹം ഇല്ല. നഷ്ടമാകുന്നത് പാര്ടിക്കു മാത്രമല്ല... സമൂഹത്തിനും കൂടിയാണ്. 
 
ഉജ്ജ്വലമായ വാഗ്ദോരണികൾക്കപ്പുറം  സന്ഖാടന  മികവിന്റെ  മഹനീയ  മാതൃ കയായി നിലകൊള്ളാൻ  ആയിരുന്നു  എന്നും ഹനീഫ്കായ്ക്ക്  ഇഷ്ടം. ചങ്ങരംകുളത്തെ കൊർദോവ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സന്ഖാടക മികവ് എല്ലാവരും കണ്ടതാണ്.. എം എസ് എഫ് പ്രവര്‍ത്തന നാളുകളില്‍ നല്‍കിയ ഹനീഫ്ക നല്‍കിയ ഒരു പാട് നല്ല ഉപദേശങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഈ പ്രവാസ ജീവിതത്തിലും. രാഷ്ട്രീയം തൊഴിലായി കൊണ്ട് നടക്കുന്നര്‍ക്ക് മുമ്പില്‍ രാഷ്ട്രീയം സേവനമാനെന്നും അതില്‍ ആത്മാര്‍ഥത വേണമെന്നും  ഓര്‍മ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരിന്നു അദ്ദേഹം. കാലവും സമൂഹവും ഏറെ ആവശ്യപ്പെട്ടിരുന്ന  വർത്തമാന പരിതസ്ഥിതിയിലാണ് ഹനീഫക്കയെ പോലുള്ള ഒരു പ്രതിഭ വിട വാങ്ങിയത്.
സക്രിയമായ പൊതു പ്രവർത്തനത്തിലൂടെ അനേകായിരങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്ന അദ്ദേഹം ഒരു തലമുറയുടെ ആശയുംപ്രതീക്ഷയുമായിരുന്നു.  ഇക്കാലം കൂടെ ജീവിച്ച ഏറെ അടുപ്പമുള്ളവരുടെ മരണം ഇനി ബാക്കി വെക്കുന്ന ഒന്ന് അവരുടെ അനാഥമായ പ്രൊഫൈലും വാളുമൊക്കെയായിരിക്കും. ഹനീഫ്ക്കാന്റെ മരണത്തോടെ അതൊന്നു കൂടി അടുത്തറിയുന്നു.  നമ്മുടെ കാലം ജീവിതത്തിന്റെ അര്‍ത്ഥ വ്യാപ്തികള്‍ കൂട്ടുന്ന പോലെ മരണത്തിന്റെ ആഘാദ വ്യാപ്തികളും കൂട്ടിക്കൊണ്ടിരിക്കുന്നു.

ചികിത്സയിലിരിക്കുന്പോൾ അദ്ദേ ഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ വലിയ പ്രതീക്ഷ തോന്നിയിരുന്നു. എന്നാൽ നാഥന്റെ വിളിക്കുത്തരം നല്കി ഹനീഫക്ക അകാലത്തിൽ പോയി മറഞ്ഞു.
കാരുണ്യവാനായ ദൈവം പര ലോക ജീവിതം ധന്യമാക്കട്ടെ....ആമീൻ ..

Sunday, March 31, 2013

അനിശ്ചിതത്ത്വത്തിന്റെ ദിനരാത്രങ്ങൾ.



ഇന്നലെ വീട്ടിലോട്ടു വിളിച്ചപ്പോൾ ഉമ്മയാണ് ഫോണെടുത്തത് . എടുത്തപ്പോഴേ അറിഞ്ഞു മറു തലയ്ക്കലെ പരിഭ്രമം. വിളിച്ചയുടനെ ഉമ്മയ്ക്കും അറിയേണ്ടത് ഇവിടുത്തെ നിതാഖാത്ത്   ചെക്കിങ്ങിനെ കുറിച്ചും, പ്രശ്നങ്ങളെ കുറിച്ചും, ഒക്കെയാണ്. വെള്ളിയാഴ്ച പള്ളിയിൽ വെച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരുന്നുവെത്രെ. കൂടാതെ മീഡിയകളും, ആവശ്യത്തിനും, അനാവശ്യത്തിനും, ഒക്കെയായി വീട്ടുകാരുടെയും,നാട്ടുകാരുടെയും, പരിഭ്രമങ്ങളെ മുതെലെടുക്കുന്നും, ഉണ്ടല്ലോ. എന്തായാലും, സൗദിയിലെ സ്വദേശിവല്കരണം നമ്മുടെ നാട്ടുകാരെയും, വീട്ടുകാരെയും,ഒക്കെ ആശങ്കയുടെ മുൾ മുനയിൽ നിർത്തുമ്പോഴും , ഭൂരിപക്ഷം പ്രവാസികളും, വല്ലാത്തൊരു അനിശ്ചിതത്ത്വത്തിലും,നിസ്സംഗ തയിലും ആണ്   ഈ പ്രശ്നത്തെ നോക്കി കാണുന്നത് . 

ഇവിടെ ദമ്മാമിലെയും, സ്ഥിതി വ്യത്യസ്തമല്ല. വല്ലാത്തൊരു ഭീതിതമായ അവസ്ഥയാണ് ചുറ്റും. റോഡുകൾ ഏറെയും,വിജനം.സിഗ്നലുകളിൽ ഒക്കെ അവിശ്വസനീയമായ തിരക്കൊഴിവ്.ലിമോസിൻ ഓടിക്കുന്ന ഒരു പാകിസ്ഥാനി പറയുന്നത് കേട്ടു , "ഭായി,  കഴിഞ്ഞ ഒരു ആഴ്ചയായി കമ്പനിക്ക് കൊടുക്കാനുള്ള ദിവസ വാടക പോലും,ഒക്കുന്നില്ല. തല്കാലം,എക്സിറ്റി ലോ ,ആറു മാസത്തേക്ക്‌ റീ-എൻട്രി അടിച്ചോ ഒക്കെയായി   നാട്ടിൽ പോകണം എന്ന്.  ശരിയാണ് ഒട്ടു മിക്ക മേഖലകളിലും കഴിഞ്ഞ ഒരു ആഴ്ചയായി ഇത് തന്നെയാണ് പ്രശ്നം. എവിടെയും,ആളുകളില്ല . ഷോപ്പിംഗ്‌ മാളുകളിൽ, പാർക്കുകളിൽ, ഏതു അവസ്ഥയിലും, ജന നിബിഡമായി നില്കുന്ന സീക്കോ..ഏരിയയിൽ, കോർണിഷിൽ, എന്തിനേറെ വെള്ളിയാഴ്ചയിലെ ക്രിക്കറ്റ് മത്സരത്തിനു പോലും,ആളെ കിട്ടാത്ത അവസ്ഥ . തീർത്തും ,ഒരു തരം ഭീതിതമായ അവസ്ഥയാണ് ഇപ്പോൾ സൗദിയിൽ എങ്ങും. ജിദ്ദയിലെയും, റിയാദിലേയും, സുഹൃത്ത്ക്കൾക്കും, എല്ലാം പങ്കു വെക്കാനുള്ളത് സമാനമായ ആശങ്കയാണ്. ഫ്രീ വിസയിൽ ഇനി ആർക്കും , പണ്ടത്തെപോലെ വിലസാനാവില്ല .ഖഫീലിന്റ്റെ  അടുത്തു തന്നെ എല്ലാവരും, ജോലിയെടുക്കണം. നിതാഖാത്ത്  കർക്കശമാക്കിയതോടെ  പലർക്കും , തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ബിനാമി ബിസ്സിനസ്സ് ഇനി ഇവിടങ്ങളിൽ വിലപ്പോവില്ല . എവിടെയും, ആശങ്കയുടെയും, അനിശ്ചിതത്ത്വത്തിന്റെയും, ദിന രാത്രങ്ങൾ.

ഷോപ്പിലേയും,സ്ഥിതി മറിച്ചല്ല . ഇന്ഡസ്റ്റ്രിയൽ  ഏരിയകളിൽ തൊഴിലെടുക്കുന്ന പർചേഴ്സർമാരായ   കസ്റ്റ്മേ ഴ്സ് ആണ് ഷോപ്പിൽ ഏറെയും .  കഴിഞ്ഞ ഒരാഴ്ചയായി അവരിൽ ഭൂരിഭാഗം പേരെയും, കാണുന്നില്ല .  അതിനാൽ തന്നെ 'സെയിൽ'  നേർ പകുതിയായി കുറഞ്ഞിരിക്കുന്നു.  കലക്ഷന്   വരുന്ന മന്ദൂബ്കളോട്  മാന്ദ്യമാണ്  എന്ന  പല്ലവി പറഞ്ഞു മടുത്തു.  എന്തായാലും ,ഇതെവി ടെ ചെന്ന് അവസാനിക്കുമാവോ...?  അള്ള..കരീം . 

ഈ നിയമം നടപ്പിലാക്കുന്നതിനു പലരും,ഇവിടുത്തെ ഭരണാധികാരികളെയും,ഈ രാജ്യത്തെയും, കുറ്റ പെടുത്തുന്നുണ്ട് . എന്ത് കാര്യം?. 2010 ല്‍ ടുണിഷ്യയില്‍ പിറവി കൊണ്ട അറബ്    -വസന്തമെന്ന സംഭവ വികാസങ്ങളില്‍ പാഠമുള്‍ക്കൊണ്ട ഭരണകര്‍ത്താകളുടെ നിലനില്‍പ്പിന്റെ  രാഷ്ട്രിയമാണ്  ഈ നിയമത്തിന്റെ പിന്നിലും. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ   ചെറുപ്പക്കാരുടെ  ശരിരത്തില്‍ പടര്‍ന്ന അഗ്നി ജനലക്ഷങ്ങളിലുടെ പടര്‍ന്നു, ഈജിപ്ത് , ലിബിയ, 
സിറിയ, പോലുള്ള പല അറബു രാജ്യങ്ങളുടെയും വിധി നിര്‍ണ്ണയിക്കാന്‍ പോന്ന ശക്തി കൈവരിച്ചു . ഒരു മര്‍ദ്ദക ഭരണകൂടത്തിനും, ഇനിയും അണക്കാന്‍ കഴിയാത്ത ആ തീക്കനല്‍ ഒട്ടൊന്ന്  ശാന്തമാക്കേണ്ടത്  പല രാജ്യങ്ങളുടെയും, ഭരണ കൂടങ്ങളുടെയും, മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു. രാജ്യത്തെ യുവജനങ്ങള്‍ ഭരണകുടത്തിനു നേരെ തിരിയുന്നതിനു മുന്‍പ് അവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വരുത്തി തിര്‍ക്കേണ്ടത് ഭരണാധിപന്മാരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.  അത് മാത്രമാണ് ഇവിടെയും, സംഭവിച്ചു കൊണ്ടിരിക്കുന്നത്.

 സൗദിയിലെ ഈ നിയമം നടപ്പിൽ വരുത്തിയിട്ട് വർഷം രണ്ടാവുന്നു . എന്നാൽ കർശനമാക്കിയത് ഇപ്പോഴാണ്‌ എന്ന് മാത്രം . സ്വദേശികളുടെ സമ്മർദ്ദം  കർക്കശമായാതോടെയാണ് സൗദി  ഭരണകൂടം ശക്തമായ  ചില  
നിലപാടുകളിലേക്ക്‌ നീങ്ങിയത്. എന്നാൽ ഇതിനെയൊന്നും, വക  വെയ്ക്കാതെ  ഇവിടെയുള്ള  പല  നിയമങ്ങളെയും കാറ്റിൽ പറത്തികൊണ്ട്   കാശ് കൂടുതൽ സമ്പാതിക്കാൻ  ഉള്ള ചില പ്രവാസികളുടെ അമിതാവേശമാണ് കൂടുതൽ കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കുന്നത് . ചില   ആളുകൾക്ക്  നിയമ ലംഖനത്തിന്റെ ദോഷ വശങ്ങൾ അറിയാതെയും  തെറ്റുകളും അബദ്ദങ്ങളും  പറ്റുന്നുണ്ട് .  എന്നാൽ അത് മനസ്സിലാക്കി അറിഞ്ഞതിനു ശേഷവും തിരുത്തി മുന്നോട്ടു പോകാൻ അവരുടെ മനസ്സും ആഗ്രഹിക്കുന്നില്ല.  ഒരർത്ഥത്തിൽ    ആരെയും  കുറ്റം  പറയാൻ പറ്റില്ല. കാരണം നമ്മുടെ  നാടിൻറെ  അവസ്ഥ അത് തന്നെയാണ്. സാധനങ്ങളുടെ വിലക്കയറ്റവും  പ്രവാസികളായി പോയി  എന്നത് കൊണ്ട്  മാത്രം നാട്ടിൽ ന്യായമായും കിട്ടേണ്ട  ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതും, മറ്റുമെല്ലാം പ്രവാസികളെ   ദോഷകരമായ രീതിയിൽ ആണ് ബാധിക്കുന്നത് . ഇതൊക്കെ ആരോട് പറയാനാണ്?. ആരെ പഴിക്കാനാണ്?. നമ്മുടെ  സർക്കാരുകൾക്കോ ,എംബസ്സികൾക്കോ  , ഒന്നും പ്രവാസികളുടെ  പ്രയാസങ്ങൾ കേൾക്കാൻ സമയം പോലുമില്ലല്ലോ ?.  ഇവിടെ  എംബസ്സിയിൽ ചെന്നാൽ പ്രവാസികളുടെ  കാര്യം നേരെയാക്കാൻ ആവശ്യത്തിന് ഉദ്ദ്യോഗസ്ഥർ പോലും, ഇല്ല .പോരാത്തതിന്‌ ഇപ്പോൾ വേവുന്ന പുരയിൽ നിന്നും,ഊരുന്ന കൌക്കോൽ ലാഭം എന്ന കണക്കിൽ വിമാന കമ്പനികളുടെ ചാർജു വർദ്ധനയും. എല്ലാം കൂടി പ്രവാസികൾ തലയിൽ ഇടിത്തീ വീണ അവസ്ഥയിലാണ് ഇപ്പോൾ. ഇനിയും,എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു "അള്ള  കരീം ..."

ചിലപ്പോഴെങ്കിലും, പ്രവാസികൾ തന്നെയാണ് ഇതിനൊക്കെ കുറ്റക്കാർ എന്ന് പറയാതിരിക്കാനാവുന്നില്ല .എത്ര മാത്രം തിക്താനുഭവങ്ങൾ ഉണ്ടായാലും,തിരിച്ചു പോകാനോ മറിച്ച് ചിന്തിക്കാനോ കഴിയാത്ത വിധം ബാധ്യതകളും,തലയിലേറ്റി ആണ് നമ്മൾ പ്രവാസം തുടരുന്നത് .ജീവിതം നമ്മുടെ തലയിലേറ്റിയ ബാദ്ധ്യതകൾക്കൊപ്പം സ്വയം വരുത്തി വെക്കുന്ന ബാദ്ധ്യതകളും,നമുക്ക് വിനയാവുന്നുണ്ട് .കുറിയിൽ ചേരൽ ,വീട് പണിക്കു കടം വാങ്ങിയുള്ള മോടി പിടിപ്പിക്കൽ, ധൂർത്ത് ,ആഡംബരം തുടങ്ങീ പലരും, സ്വയം കയറില്ലാതെ കെട്ടിയിട്ട നിലയിലാണ് .അപ്പോൾ എത്ര അവഹേളനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നാലും, നമ്മുടെ പ്രതികരണ ശേഷി നമുക്ക് നഷ്ടപ്പെട്ടു നാം വികാരങ്ങളും വിവേകവും,എല്ലാം നഷ്ടപ്പെട്ട്  നിസ്സംഗതയിൽ  ആയി പോവുന്നു . നമ്മുടെ ഈ പിടിപ്പ് കേടിനെ മുതലാക്കി വീട്ടുകാരും,നാട്ടുകാരും,സർക്കാറുകളും ,എംബസ്സികളും , എല്ലാവരും, കൂടി ചേർന്നു നമ്മെ ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു .ഇനിയും എന്നാണു നമ്മൾ പഠിക്കുക .സൗദിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ..നിതാഖാത്ത് നിയമം എങ്കിലും, പ്രവാസികളുടെയും, പ്രവാസികളെ ചൂഷണം ചെയ്യാൻ മാത്രം അറിയാവുന്നവരുടെയും, കണ്ണ് തുറപ്പിചെങ്കിൽ എന്ന് വെറുതെ വ്യാമോഹിച്ചു പോകുന്നു 





Thursday, February 28, 2013

നിര്‍വചനം


മനസ്സെന്ന മുറിയുടെ,
പന്ജ്ജേന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടയുകയും,
ഉള്ളിലെ ചിന്തയുടെ വെളിച്ചം കെടുകയും,
ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കനത്ത ഇരുട്ടും,
ആ ഇരുട്ടിലെ ശാന്തമായ നിദ്രയും,

നാം  ജീവിച്ചിരിക്കുന്ന ലോകവും,
നാമില്ലാതെ തുടര്‍ന്ന് പോകുന്ന 
തമ്മില്‍ വേര്‍തിരിക്കുന്ന സമയത്തിന്‍റെ,
ഒരു ചെറിയ പോയിന്‍റും,

ഒരു കടങ്കഥ പോലെ,
അവളെന്നോട് ചോദിച്ചു,
ഉത്തരത്തിനായി
ഞാന്‍ ഏറെ പരതി,
ഒടുക്കം 
കുന്തിരിക്കം പുകയുന്ന ഒരു  രാത്രിയില്‍,
അവളെനിക്ക്‌,
മറുപടി ഒരു മരണ കുറിപ്പായി കുറിച്ച് തന്നു.
അതില്‍ ഇങ്ങിനെ എഴുതിയിരുന്നു.......
'മരണം'.....
"മരണം എന്നെ സംബന്ധിചിടത്തോളം,
ഈ ലോകത്ത് നിന്നുമുള്ള ഒരു ഫുള്‍സ്റ്റോപ്പും,
നിന്നെ സംബന്ധിച്ചിടത്തോളം,
വെറും,ഒരു കോമയും,ആണ്."

Thursday, January 31, 2013

നിരര്‍ത്ഥകം...



സന്ധ്യയില്‍ 
നിഴല്‍ പൂക്കള്‍ വിടരുമ്പോള്‍ 
അസ്തമയ പര്‍വ്വത ചുരകള്‍ക്ക് 
കാന്ത ശക്തി ലഭിക്കുന്നു.
 ആകാശം മറ്റൊരു തടവറയാകുന്നു.
അതിന്‍റെ അനന്തമായ അതിരുകള്‍ തേടി 
എന്‍റെ മോഹം ചിറക് വിടര്‍ത്തുകയാണ്.

രാത്രിയില്‍ 
നിമിഷങ്ങള്‍ നിശ്ചലമാവുമ്പോള്‍ 
ഭൂമി നക്ഷത്രമാകുന്നു.
ഉല്‍ക്കകള്‍ ആകാശ ഗംഗയിലൊഴുകുന്നു.
മനസ്സില്‍ മിന്നാ മിനുങ്ങുകള്‍ ഉഴലുന്നു .
ആലിന്‍ പഴങ്ങള്‍ വീണുടഞ്ഞു 
ചിതറി തെറിക്കുന്നിടത്തു 
ഓര്‍മ്മകളുടെ വസന്തം വിരിയുന്നു .

ഇപ്പോഴിവിടെ 
ഈ..മരുഭൂമിയുടെ,
ഉഷ്ണ തീക്ഷ്ണതയില്‍,
ഓര്‍മ്മകള്‍ക്ക് മുകളിലൂടെയും,
മണല്‍ കാറ്റടിക്കുന്നു.
കരിഞ്ഞ മോഹങ്ങളുടെ 
ദുര്‍ഗന്ധവും പേറി,
വിളര്‍ത്ത സൗഹൃദങ്ങളുടെ 
നൂല്‍പാലത്തിലൂടെയുള്ള പ്രയാണം.
ഇവിടെ ആശ്വസിക്കാന്‍ 
ഒരു മരീചികയും കാണുന്നില്ല .
ശാപങ്ങളുടെ മണ്‍  കൂനകള്‍ ഒഴിച്ച്. 
Related Posts Plugin for WordPress, Blogger...