Friday, July 31, 2020

ഒരു പ്രവാസിയുടെ ക്വാറണ്ടയ്ൻ ഡയറി!

ആസ്വാദത്തിൻ്റെയും, തിരിച്ചറിവിൻ്റെയും ദിനങ്ങൾ: **********************
കാലത്തിൻ്റെ കുത്തൊഴുക്കിൽ അത്യഹങ്കാരത്തോട് കുതിച്ച് പാഞ്ഞ് കൊണ്ടിരുന്ന ലോകത്തെ എത്ര പെട്ടന്നാണ് കോവിഡ് എന്ന മഹാമാരി നിശ്ചലതയുടെ വാൽമീകത്തിലേക്കാഴ്ത്തിയത്! വെറും സോപ്പ് കുമിളകളിൽ അലിഞ്ഞു പോകുന്ന ഒരു വൈറസിന് മുമ്പിൽ ലോകം പകച്ച് നിൽക്കുമ്പോൾ അതിജീവനത്തിൻ്റെ പുതിയ പ്രത്യയശാസ്ത്രം രചിക്കുകയാണ് മനുഷ്യൻ! അതിരുകളെയും, അതിർത്ഥികളെയും, ഭേധിച്ച് ലോകം ഒറ്റക്കെട്ടായി ഈ ദുരന്തത്തിനെതിരെ പോരാട്ടം നയിക്കുമ്പോൾ ഈ കാലവും കടന്ന് പോകും എന്ന് തന്നെയാണ് നമുക്ക് പ്രത്യാശിക്കാനാവുക! പ്രവാസത്തിൻ്റെ യാന്ത്രികമായ ദിനചര്യകളുടെ വിരസതയിൽ നിന്ന് നാടിൻ്റെ ഊഷ്മളതയിലേക്കുള്ള അവധിക്കാലത്തെ സ്വപ്നം കണ്ട് കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി അതിൻ്റെ രൗദ്രഭാവം മെല്ലെ മെല്ലെ പ്രകടമാക്കി തുടങ്ങിയത്! രോഗവ്യാപനം കൂടിയതോടെ കേൾക്കാൻ ആഗ്രഹിക്കാത്ത പ്രിയപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിയോഗ വാർത്തകളും പ്രവാസത്തെ തേടിയെത്തി! പലർക്കും തൊഴിൽ നഷ്ടപ്പെടുന്നത് പതിവായി. അത്തരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വിസ എക്സിറ്റ് അടിച്ച് മൂത്താപ്പയുടെ മകൻ ഷറഫുവും റൂമിലുണ്ടായിരുന്നു. അവനും നാടണയണം! സമ്പൂർണ്ണമായി ലോക്ക് ഡൗൺ ആയതോടെ ഷോപ്പ് തുറക്കാൻ കഴിയാതെ പ്രവാസത്തിൻ്റെ നാല് ചുവരുകൾക്കുള്ളിലായി തീർത്തും ജീവിതം! കാലദേശ വ്യത്യാസങ്ങളില്ലാതെ കൊറോണ മരണമായി പെയ്തിറങ്ങിയപ്പോൾ ജൻമനാടിനെ കുറിച്ചുള്ള ഓർമ്മകളും ചിന്തകളും, മനസ്സിൽ വല്ലാത്ത തിരയിളക്കങ്ങളുണ്ടാക്കി. കുടുംബത്തിൻ്റെ സാമീപ്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളും, രോഗവ്യാപനം പ്രവാസത്തിൽ തീർക്കുന്ന പരിമിതികളും, ജൻമനാട് നൽകുന്ന സുരക്ഷിതത്വബോധത്തെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങളും ഒക്കെ എത്രയും പെട്ടന്ന് നാടണയുക എന്നതിലേക്ക് മനസ്സിനെ കൊണ്ടെത്തിച്ചു. പിന്നെ അതിനായി ശ്രമങ്ങൾ! സൗദിയിലെ എംബസിയിലും, സംസ്ഥാന സർക്കാറിൻ്റെ നോർക്ക സൈറ്റിലും പേര് രജിസ്റ്റർ ചെയ്തു കാത്തിരുന്നു. വിമാനങ്ങളുടെ അപര്യാപ്തതയും, അടിയന്തരമായി നാടണയേണ്ട പ്രവാസികളുടെ ആധിക്യവും കാരണം വന്ദേഭാരത് മിഷൻ ഫ്ലൈറ്റിൽ മടങ്ങാൻ കഴിയില്ല എന്നറിയാമായിരുന്നു. ഒടുക്കം പ്രവാസ ലോകത്ത്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും, ജീവകാരുണ്യ- സാമൂഹിക പ്രവർത്തനങ്ങളിലുമൊക്കെ അറേബ്യൻ മാതൃക തീർത്ത കെ.എം.സി.സി -യുടെ ചാർട്ടേർഡ് ഫ്ലൈറ്റിൽ നാടണയാൻ കൊതിച്ചിരുന്ന, സന്ദർശക വിസയിലെത്തിയവർ, മക്കളെ കാണാനായി നാട്ടിൽ നിന്നെത്തിയ പ്രായമായ രക്ഷിതാക്കൾ, ഗർഭിണികൾ, കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവർ, തുടങ്ങീ ഇരുനൂറ്റി അൻപത്തഞ്ച് സഹയാത്രികർക്കൊപ്പം ജൂൺ ഇരുപത്തി ആറാം തിയ്യതി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. ഷറഫുവും കൂടെയുണ്ടായിരുന്നു. മാസ്കും, പി.പി.ഇ.കിറ്റും, കയ്യുറയും ധരിച്ചുള്ള വിമാനയാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. വിമാനമിറങ്ങിയ ഉടനെ തന്നെ ആദ്യം സ്വീകരിച്ചത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. ക്വാറണ്ടയ്ൻ സംബന്ധിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ആരോഗ്യ വകുപ്പിൻ്റെ വിശദമായ ക്ലാസ് അരമണിക്കൂറോളം നീണ്ടുനിന്നു. അതിന് ശേഷം റാപിഡ് ടെസ്റ്റ്. റാപ്പിഡ് ടെസ്റ്റിനുള്ള രക്തസാമ്പിൾ കൊടുത്ത് പിന്നെ എമിഗ്രേഷൻ- സുരക്ഷാ പരിശോധനകളിലേക്ക് നീങ്ങി. കോവിഡ് ബാധിതരെന്ന പോലെ കൃത്യമായ അകലം പാലിച്ച് കൊണ്ട് തന്നെയായിരുന്നു എമിഗ്രേഷൻ- സുരക്ഷാ കൗണ്ടറുകളിൽ യാത്രക്കാരും ഉദ്യോഗസ്ഥരും പരസ്പരം ഇടപഴുകിയിരുന്നത്. അതും കഴിഞ്ഞ് പിന്നെ ലഗേജും എടുത്ത് വിമാനത്താവളത്തിന് പുറത്തേക്ക്. ഉറ്റവരോ, ഉടയവരോ ഒന്നും സ്വീകരിക്കാനില്ലാതെയുള്ള ആദ്യത്തെ തിരിച്ച് വരവ്! സന്തോഷ പ്രകടനങ്ങളോ, ആഹ്ലാദങ്ങളോ ഒന്നുമില്ലാതെ നിസ്സംഗരായി പുറത്തേക്ക് നടന്ന് നീങ്ങുന്ന യാത്രക്കാരുടെ മുഖത്തൊക്കെയും വരാനിരിക്കുന്ന റാപിഡ് ടെസ്റ്റിൻ്റെ റിസൾട്ടിനെ കുറിച്ചുള്ള ആശങ്കകളായിരുന്നു.! ഒരു മണിക്കൂറോളം സമയം വിമാനത്താവളത്തിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിച്ച് കാത്തിരുന്നു. റിസൾട്ട് വന്നു നെഗറ്റീവ്! അൽഹംദുലില്ലാഹ്,, അത് വരെ യാത്രക്കാരുടെ മുഖത്തുണ്ടായിരുന്ന കാർമേഘങ്ങൾ ഒന്നൊന്നായി പെയ്തൊഴിഞ്ഞു.! അതേ സമയം പോസിറ്റീവായവർ വിധിയെ പഴിച്ച് നേരെ 108 ആംബുലൻസിൽ ജില്ലാ ആശുപത്രയിലേക്കും പോകുന്നുണ്ടായിരുന്നു. ഹോം ക്വാറണ്ടയ്ൻ ആണ് തിരഞ്ഞെടുത്തത് എന്നതിനാൽ തന്നെ എയർപോർട്ട് പ്രീ പെയ്ഡ് ടാക്സിയിൽ നേരെ ഷറഫുവിൻ്റെ വീട്ടിലേക്ക്! ഞങ്ങൾ രണ്ട് പേർക്കും അവിടെയാണ് ക്വാറണ്ടയ്ൻ! അവൻ്റെ ഉമ്മയും, ഉപ്പയുമൊക്കെ അവൻ്റെ പെങ്ങളുടെ വീട്ടിലേക്കും, ഭാര്യയും കുട്ടികളും അവളുടെ വീട്ടിലേക്കും പോയിരുന്നു. നാടണഞ്ഞിട്ടും വീടണയാൻ കഴിയാതെ ക്വാറണ്ടയ്നിലിരിക്കുക എന്നത് ജീവിതത്തിൽ വല്ലാത്തൊരവസ്ഥയാണ്. ജൻമനാട്ടിൽ ഒരു വിളിപ്പാടകലെ ഉറ്റവരും, ഉടയവരും ഉണ്ടായിട്ടും, ഒന്ന് കാണാനോ, പുണരുവാനോ കഴിയാതെ ക്വാറണ്ടയ്ൻ അതിരുകൾക്കുള്ളിൽ കഴിയുമ്പോഴാണ് ജീവിതം ഇനിയുള്ള കാലങ്ങളിൽ ഇങ്ങിനെയൊക്കെ കൂടിയാവും എന്ന തിരിച്ചറിവും നമുക്ക് ലഭിക്കുന്നത്! ആഗ്രഹങ്ങളുടെയും, മോഹങ്ങളുടെയും, തീവ്രമായ അഭിലാഷങ്ങളെ യാഥാർത്ഥ്യങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത കൊണ്ട് ഇരുപത്തെട്ട് ദിവസം അടക്കി നിർത്തുക തന്നെ! വീട്ടിൽ കയറിയപാടേ മുഷിഞ്ഞ ഡ്രസ്സുകളൊക്കെ അഴിച്ച് വെച്ച് നേരെ ബാത്ത് റൂമിൽ കുളിക്കാൻ കയറി. പ്രവാസത്തിലെ ചൂടിൽ നിന്നും നാടിൻ്റെ കുളിർമ്മയും, തണുപ്പും നന്നായി തന്നത് കൊണ്ടാവണം ഷവറിന് ചുവട്ടിൽ നിന്ന് ഏറെ നേരം കുളിച്ചു. അയൽപക്കങ്ങളിൽ നിന്ന് പലരും ആശങ്കയോടെ എത്തി നോക്കുന്നുണ്ട്. കൊറോണയും, പെട്ടിയിലാക്കിയാണ് ഞങ്ങൾ നാട്ടിലേക്ക് വന്നത് എന്ന നിലയ്ക്കാണവരുടെ ഭാവം! പക്ഷേ വിദേശത്ത് നിന്നെത്തുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ സമ്പർക്കങ്ങളിലൂടെയാണ് ഇപ്പോൾ രോഗം പടരുന്നത് എന്നതിനെ മനപ്പൂർവ്വം മറന്നത് പോലെയാണ് നാട്ടുകാരുടെ സമ്പർക്കം. പലരും പുറത്തേക്ക് പോകുന്നതും, വരുന്നതുമൊക്കെ മാസ്ക് പോലും ധരിക്കാതെയാണ്. എന്നാലും ക്വാറണ്ടയ്ൻ, പ്രവാസികൾ എന്നതൊക്കെ കേൾക്കുമ്പോഴേക്കും അവർക്കൊക്കെ ഒടുക്കത്തെ ആധിയും! കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഉപ്പ യുടെ കാൾ മൊബൈലിൽ നിർത്താതെയടിക്കുന്നുണ്ട്. പോയി ഫോണെടുത്തപ്പോൾ ഉപ്പ പറഞ്ഞു കിഴിശ്ശേരിയിലെ വല്ലിമ്മ (ഉമ്മയുടെഉമ്മ) മരണപ്പെട്ടിട്ടുണ്ട്. പ്രവാസത്തെ തേടിയെത്തുന്ന പ്രിയപെട്ടവരുടെ മരണവാർത്ത നിസ്സഹായതയോട് കൂടി കേട്ടിരിക്കുക എന്നുള്ളതാണ് ഒരു പ്രവാസിയുടെ ഏറ്റവും വലിയ നൊമ്പരം! നാട്ടിലെത്തിയിട്ടും, ക്വാറണ്ടയ്ൻ പ്രോട്ടോകോൾ കാരണം അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ അതേ നൊമ്പരത്തോടും, നിസ്സഹായതയോടും കൂടി ഞാനാ വാർത്തയും കേട്ടു.! മക്കൾക്കും, പേരമക്കൾക്കും ഒക്കെ എന്നും സ്നേഹവാത്സല്യത്തിൻ്റെ കരുതൽ നൽകിയിരുന്നു വല്ലിമ്മയ്ക്ക് നാഥൻ മഗ്ഫിറത്ത് നൽകട്ടെ! ഭക്ഷണമെല്ലാം സ്വയം പാകം ചെയ്യണം ! അതൊരു പ്രശ്നമായി തോന്നിയില്ല! പ്രവാസത്തിൽ അത് ദിനചര്യയാണ്. പക്ഷേ നാട്ടിലെത്തി ക്വാറണ്ടയ്ൻ കാലത്തെ ഷറഫുവുമൊത്തുള്ള പാചകം ഞങ്ങൾ ഏറെ ആസ്വദിച്ചു. അതോടൊപ്പം വീട്ടിൽ നിന്ന് എനിക്കിഷ്ടപ്പെട്ട വല്ലതുമൊക്കെ ഉമ്മച്ചി വല്ലപ്പോഴും കൊടുത്തയക്കും! അത്തരത്തിൽ ആദ്യം കിട്ടിയത് വാഴയിലയിൽ പൊതിഞ്ഞയച്ച ചക്കക്കൂട്ടാനായിരുന്നു. കൂടെ പഴുത്ത ചക്കച്ചുളയും.! ചക്ക തിന്നിട്ട് ചുക്കുതിന്നാൽ പിന്നൊരു ചുക്കുമില്ല എന്ന് വല്ലിമ്മച്ചി പറയുമായിരുന്നു. ചുക്കും, ആവശ്യത്തിന് വികസിക്കുന്ന വയറും സ്വന്തമായുള്ളത് കൊണ്ട് തന്നെ നന്നായി കഴിച്ചു. തൊടിയിൽ നിന്ന് കിട്ടിയ കൂൺ വെച്ചുള്ള കറിയും, ഭാര്യയുടെ ഉമ്മ വകയായുള്ള താറാവ് ഫ്രൈയും, പത്തിരിയും ഒക്കെ, പിന്നെയും വിഭവങ്ങളായി പലപ്പോഴും കിട്ടിക്കൊണ്ടിരുന്നു. മാറ്റ് നിർണ്ണയിക്കാനാകാത്ത വിധം മാതൃസ്നേഹം കൂടി ചേർത്തുണ്ടാക്കുന്നത് കൊണ്ടാവും ഉമ്മച്ചിമാരുടെ കറികൾക്കിത്ര ടെയ്സ്റ്റ്! ക്വാറണ്ടയ്നിലിരിക്കുമ്പോൾ ലഭിക്കുന്ന സാമൂഹികവും, കുടുംബ പരവുമായ പിന്തുണയും, കരുതലും ഒക്കെ വല്ലാത്ത ആശ്വാസമാണ്. ഭാര്യയും, സഹോദരങ്ങളും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമൊക്കെ വീഡിയോ കോളിലും, മറ്റും ബന്ധപ്പെട്ട് ആശ്വാസം പകർന്നു. കൊണ്ടോട്ടി എം.എൽ.എ- ടി.വി.ഇബ്രാഹിം അടക്കമുള്ളവർ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ക്വാറണ്ടയ്നിലെ ഉറക്കമില്ലാത്ത രാത്രികളിൽ ഈ വിളികളും, അന്വേഷണങ്ങളും, മനസ്സിന് വല്ലാത്ത പിൻബലമാണ് നൽകുന്നത്. ആശങ്കകളുടെ ക്വാറണ്ടയ്ൻ കാലത്ത് മഴയെ ഏറെ ആസ്വദിക്കാൻ കഴിഞ്ഞു. പ്രവാസത്തിൻ്റെ ഉഷ്ണ തീക്ഷ്ണതെ പരിചയിച്ച മനസ്സിന് മിഥുന - കർക്കിടക മാസങ്ങളിലെ മഴമേഘങ്ങൾ തകർത്ത് പെയ്യുന്നത് വല്ലാത്തൊരാശ്വാസമായിരുന്നു. പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ച് ഇന്നലെകളിലെ സുവർണ്ണകാലങ്ങളെ മനോരാജ്യം കാണുമ്പോൾ മനസ്സ് മെല്ലെ, മെല്ലെ സന്തോഷങ്ങളെ വീണ്ടെടുത്ത് തുടങ്ങിയിരുന്നു. ക്വാറണ്ടയ്ൻ കാലത്ത് ഏകാന്തയിൽ കൂട്ടിനുള്ള പ്രിയപ്പെട്ട സഹചാരി പലപ്പോഴും റേഡിയോയായിരുന്നു.പഴയ കാലത്തെയോർത്ത് കണ്ണടച്ചുകിടന്ന് ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ നിന്നുമുള്ള പ്രക്ഷേപണങ്ങൾ കേൾക്കുമ്പോൾ റേഡിയോയെ വിടാതെ കൊണ്ട് നടന്നിരുന്ന തൊണ്ണൂറുകൾ വീണ്ടും മനസ്സിൽ പുനർജനിച്ചു.! പണ്ട് ഉമ്മച്ചി ഓൺ ചെയ്ത് വെച്ച റേഡിയോയിൽ നിന്നും ഹക്കീം കൂട്ടായിയുടെ പ്രാദേശിക വാർത്തകൾ കേട്ടുണർന്ന് കിടക്കയിൽ അത് പോലെ കുറച്ച് നേരം കൂടി കിടക്കും! ബലദേവാനന്ദ സാഗരയുടെ സംസ്കൃതവാർത്തകളും കഴിഞ്ഞ് 'ഇതി-വാർത്താ ഹേ' - പറയുമ്പോഴാണ് പിന്നെയെണീക്കുക! പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ചായ കുടിക്കുമ്പോൾ പിന്നെയും, ഡൽഹി നിലയത്തിൽ നിന്ന് ഗോപൻചേട്ടൻ്റെയോ, സുഷമേച്ചിയുടെയോ, ശ്രീദേവി ചേച്ചിയുടെയോ ഒക്കെ പ്രധാനവാർത്തകൾ വീണ്ടും കേൾക്കും! വഴി വിളക്ക്, യുവവാണി, വിദ്യാഭ്യാസ രംഗം, ലക്ഷദ്വീപ് വൃത്താന്തം, ചലച്ചിത്രഗാനങ്ങൾ, റേഡിയോ നാടകോത്സവം, പ്രിയപ്പെട്ട RK - മാമൻ്റെ ഹലോ ഇഷ്ട ഗാനം, ഗാനമഞ്ജരി, ഗാനസല്ലാപം, മനസ്സിലിട്ട് കൊണ്ട് നടന്നിരുന്ന പല പരിപാടികളും റേഡിയോയിൽ ഇന്നില്ല! എന്നാൽ ചിലതൊക്കെ അതുപോലെതന്നെ ഉണ്ട് താനും! ഒരർത്ഥത്തിൽ ഇങ്ങിനെയുള്ള ഓർമ്മകളുടെയും, മധുരസ്വപ്നങ്ങളുടെയും വീണ്ടെടുപ്പ് കൂടിയായിരുന്നു ഈ ക്വാറണ്ടയ്ൻ കാലം! വായനയായിരുന്നു ക്വാറണ്ടയ്നിൽ ഞാൻ ആസ്വദിച്ചിരുന്ന മറ്റൊരു കാര്യം! വായന അനുഭവങ്ങളുടെ കഥ പറച്ചിൽ കൂടിയാണ്. നീണ്ട യാത്രകളിലും, ഉറക്കമില്ലാത്ത രാത്രികളിലും, ഏകാന്തതകളിലുമൊക്കെ എന്നും എനിക്ക് കൂട്ടായിരുന്നു വായനയുടെ നിശബ്ദ ലോകം! കാഴ്ചകളിലും, കേൾവികളിലും, സ്വപ്നങ്ങളിലുമൊക്കെ അത് വല്ലാത്ത ചില തിരിച്ചറിവുകൾ നൽകുന്നുണ്ട്. രാവിലത്തെ പത്രം വായനയിൽ തുടങ്ങി, സുഹൃത്തുക്കളെത്തിച്ച് തന്ന ധാരാളം പുസ്തകങ്ങൾ ക്വാറണ്ടയ്ൻ കാലത്ത് വായിച്ച് തീർത്തു. മറന്ന് പോയ പല ബന്ധങ്ങളെയും ഞാൻ വിളക്കിച്ചേർത്തത് ഈ ക്വാറണ്ടയ്ൻ കാലത്തായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ മനസ്സിൽ മറന്ന് കഴിഞ്ഞിരുന്ന പല സൗഹൃദങ്ങളെയും ദീർഘകാലങ്ങൾക്ക് ശേഷം പൊടി തട്ടിയെടുത്തപ്പോൾ അവർക്കും അത് വല്ലാത്ത സന്തോഷങ്ങളെ നൽകി. അപ്രതീക്ഷിതമായി കുശലാന്വേഷണങ്ങളുടെ ഫോൺകോൾ ഒരു കാലത്ത് പ്രിയപ്പെട്ടവരായിരുന്ന സുഹൃത്തുക്കളിലേക്കെത്തിയപ്പോൾ എനിക്ക് തിരിച്ച് കിട്ടിയതും, അറ്റുപോയ വാക്കുകളും, അടർന്നു വീണ കവിതകളും, നിലവിളിയ്ക്കാൻ മറന്നു പോയ ഗദ്ഗദങ്ങളും, പിന്നെ ഉടഞ്ഞ ചിത്തത്തിൽ നിന്നുമുള്ള ക്ലാവ് പിടിച്ച ചില സുവർണ്ണ ഓർമ്മകളും കൂടിയായിരുന്നു. വാട്ട്സപ്പിൽ സൗഹൃദ ഗ്രൂപ്പുകളിൽ പതിവ് വാഗ്വാദങ്ങളും, ചർച്ചകളും നടത്തിയും, വിവിധ മത്സരങ്ങളിൽ പങ്കെടുത്തും, രാഷ്ട്രീയ ഗ്രൂപ്പുകളിൽ വിവിധ പഠന ക്ലാസുകളിൽ പങ്കാളിയായും, ബ്ലോഗെഴുതിയും, വായിച്ചും, ടെലിവിഷൻ ചാനൽ ചർച്ചകൾ കണ്ടും, ഒരധ്യാപകൻ കൂടിയായത് കൊണ്ട് പഴയ സ്റ്റുഡൻസിൻ്റെ സ്നേഹാന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞും, മകന് ഓൺലൈൻ ക്ലാസിൻ്റെ സംശയങ്ങൾ തീർത്ത് കൊടുത്തും, ദിവസങ്ങൾ തള്ളിനീക്കി! ക്വാറണ്ടയ്ൻ കാലത്ത് ഹെൽത്തിൽ നിന്നും, ആരോഗ്യ പ്രവർത്തകരിൽ നിന്നുമൊക്കെ ഇടക്കിടെ അന്വേഷണങ്ങളുണ്ടാവാറുണ്ടായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സിസ്റ്റർമാരും, ആശാ വർക്കർമാരുമൊക്കെ ഇടക്കിടെ വന്ന് വിവരങ്ങൾ തിരക്കുമ്പോൾ ആരും ഇല്ലാത്തവരല്ല, എല്ലാവരുടെയും കരുതൽ ഉള്ളവരാണെന്ന തോന്നൽ നൽകിയിരുന്നു. പതിനാല് ദിവസത്തെ ക്വാറണ്ടയ്ൻ കാലാവധി പൂർത്തിയായപ്പോൾ തന്നെ അവർ സർട്ടിഫിക്കറ്റ് വാട്ട്സപ്പ് വഴി അയച്ച് തന്നിരുന്നു. പിന്നീട് പതിനാല് ദിവസം നിരീക്ഷണത്തിലിരിക്കാൻ കൂടി പറഞ്ഞു. ഇനിയുമുണ്ട് വീടണയാൻ നാല് ദിവസങ്ങൾ കൂടി! വീടണഞ്ഞ് കുടുംബത്തോടൊപ്പം സംഗമിക്കുന്ന, പ്രതീക്ഷയുടെ പുതിയ സ്വപ്നങ്ങൾ കണ്ട് ആ കാത്തിരിപ്പ് ഞാൻ തുടരുകയാണ്! ഒരു കാര്യം പറയാതെ വയ്യ! നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കും, ആരോഗ്യ വകുപ്പിനു മൊക്കെ എത്രമാത്രം പരിമിതികളുണ്ടങ്കിലും കോവിഡ് അതിജീവനത്തിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയേയും, സമർപ്ണത്തേയും നമ്മൾ കാണാതെ പോകരുത്! ആ സമർപ്പണത്തിനും, സന്നദ്ധതയ്ക്കും, കഠിനാധ്വാനത്തിനും അവർക്ക് ഹൃദയംഗമായ പ്രാർത്ഥനകൾ. ഈ ദിനങ്ങളും കടന്ന് പോകും!

Friday, April 24, 2020

നിയോഗ വഴികളിലെ കൂടപ്പിറപ്പുകൾ!


കാലത്തിൻ്റെ കുത്തൊഴുക്കിൽ അത്യഹങ്കാരത്തോടെ കുതിച്ച് പാഞ്ഞിരുന്ന ലോകം എത്ര പെട്ടന്നാണ് നിശ്ചലതയുടെ വാൽമീകത്തിലേക്കാണ്ട് പോയത്! കോവിഡ് എന്ന മഹാമാരി ലോകത്തെ മൊത്തം പിടിച്ച് നിർത്തിയപ്പോൾ പ്രവാസ ലോകവും ആ നിശബ്ദതയുടെ താഴ്‌വരയിലേക്കൂർന്ന് പോയിരിക്കുന്നു. ഉത്സവതിമർപ്പോട് കൂടി നിറഞ്ഞാടിയിരുന്ന രാത്രികളിലെ പതിവ് വെടിപറച്ചിലുകളും, ആരവങ്ങളും ഒന്നും ഇപ്പോൾ ഇവിടെയില്ല! രോഗവ്യാപനം നാൾക്ക് നാൾ കൂടുമ്പോൾ ഉൾഭയത്തോട് കൂടി തിരിഞ്ഞും, മറിഞ്ഞും, കിടന്ന്  പ്രാർത്ഥനകളിൽ നാളുകൾ തള്ളിനീക്കി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒട്ടും നിനച്ചിരിക്കാതെയാണ് റിയാദിൽ നിന്നും ജ്യേഷ്ഠൻ മുസ്ഥഫയുടെ  ഫോൺ കോൾ വരുന്നത്.  കുഞ്ഞുട്ടി അളിയൻ (മൂത്താപ്പാൻ്റെ മകളുടെ ഭർത്താവ്)  മരണപ്പെട്ടിരിക്കുന്നു.! അപ്രതീക്ഷിതമായ ആ വാർത്തയിൽ എന്ത് ചെയ്യണമെന്നറിയാതെ ഏറെ നേരം പകച്ചിരുന്നു പോയി. ഒട്ടേറെ ചിന്തകൾ മനസ്സിലൂടെ കടന്ന് പോയി!

ഏഴ് വർഷങ്ങങ്ങൾക്കപ്പുറം ഇനിയീ മണ്ണിലേക്ക് ഒരു പ്രവാസിയായിട്ടൊരിക്കലുമില്ല എന്ന് ശപദം ചെയ്ത് റിയാദിൽ നിന്ന്  തന്നെ യാത്ര പറഞ്ഞ് പോയതാണളിയൻ! പക്ഷേ കാലം വീണ്ടും അളിയനെ പ്രവാസിയാക്കി. മൂത്ത മകൾ റുബിയുടെ കല്യാണം കഴിഞ്ഞങ്കിലും ചില്ലറ കടങ്ങളിനിയുമുണ്ട്! മകൻ അൻവർ സാദിഖാണങ്കിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. അവനെ ഒരു കരക്കെത്തിക്കണം.! ഒപ്പം ഇളയ മകൾ ഷിഫു പ്ലസ്ടു -വിന് പഠിക്കുകയാണ്. അവളുടെ കല്യാണവും നടത്തണം. മോഹങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അങ്ങിനെ ഒരുപാടുണ്ടായിരുന്നളിയന്! തിരിച്ച് വന്നപ്പോൾ അതൊക്കെയും പങ്ക് വെക്കുകയും ചെയ്തിരുന്നു. അല്ലങ്കിലും ഈ സൗദി മണ്ണ് എന്നും  അങ്ങിനെയാണല്ലോ,, എത്രമാത്രം ഈ മണ്ണിൽ നിന്നകന്ന് പോയാലും, അവരെയൊക്കെ വീണ്ടും വീണ്ടും തന്നിലേക്ക് വലിച്ചടുപ്പിപ്പിച്ച് ചേർത്തുവെക്കുന്നു ഈ രാജ്യം!
പക്ഷേ അളിയനെ സംബന്ധിച്ചിടത്തോളം അതിങ്ങിനെയായിപ്പോയി!

അനിയൻ ഷറഫുവിൻ്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്."എന്ത് - ചെയ്യും നമ്മൾ?? കൊറോണ-ലോക്ക് ഡൗൺ അവസ്ഥയിൽ അങ്ങോട്ടെത്താനാവില്ലല്ലോ,, എന്താ ഒരു വഴി???
നാട്ടിലേക്കറിയിക്കേണ്ടേ???
സ്വന്തം വീട്ടിൽ ഉറ്റവൻ്റെ ചേതനയറ്റ ശരീരം കാണാൻ കഴിയാതെ  ഇപ്പോഴും നാട്ടിൽ പതിവ് സന്തോഷത്തിലായിരിക്കുമല്ലോ പെങ്ങൾ മാളുമ്മുവും, കുട്ടികളും. അവരെ എങ്ങിനെയാണ് ഈ വാർത്ത അറിയിക്കുക! ആലോചിക്കും തോറും  മനസ്സിൻ്റെ താളം വീണ്ടും തെറ്റുന്നു. നാട്ടിലേക്ക് ഞാനറിയിക്കാം,, നീ ഇവിടുത്തെ കാര്യങ്ങൾക്കാരേലും വിളിച്ച് നോക്കു,, ഷറഫു പറഞ്ഞു.!

അളിയൻ്റെ മയ്യിത്ത് ഉള്ളത് റിയാദിൽ നിന്നും നൂറ് കിലോമീറ്റർ അപ്പുറം മുസാമിയയിലാണ്. അപ്പൻ്റിക്സ് സംബന്ധമായ വേദനയാണ് മരണകാരണം. മുസാമിയയിൽ നിന്നും കിലോമീറ്ററുകൾ അപ്പുറം അൽ-ജില്ലയിലാണ് അളിയൻ ജോലി ചെയ്തിരുന്നത്. ഖഫീലിൻ്റെ തന്നെ അതീനതയിലുള്ള ഒരു ഹോട്ടലിൽ! അവിടെ നിന്നും അസുഖം മൂർച്ചിച്ച് ഹോസപ്പിറ്റലിൽ ആക്കാൻ നോക്കിയപ്പോൾ അടുത്തൊന്നും ആശുപത്രി ഇല്ലായിരുന്നുവെന്ന് റൂമിലുള്ളവർ പറഞ്ഞറിഞ്ഞു. ഒരു പക്ഷേ ഇഖാമ ക്ലിയറല്ലാത്തത് കാരണം അവരും മടിച്ചിട്ടുണ്ടാവും ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ! ഏതായാലും  കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്താൻ കാത്തു നിൽക്കാതെ തന്നെ അളിയൻ മരണത്തിന് കീഴടങ്ങിയിരുന്നുവെത്രേ,,
ഓർക്കും തോറും കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങി.

മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് റിയാദ് കെ.എം.സി.സി -യുടെ മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വവുമായി ഉടൻ ബന്ധപ്പെട്ടു. ഒരിക്കൽ പോലും നേരിട്ട് കാണാത്തവരാണ്. പക്ഷേ സംഘടനാപരമായി അവർ എന്നും അടുത്തവരാണ്. സാമൂഹിക പ്രവർത്തനത്തിൻ്റെ അറേബ്യൻ മാതൃകയിൽ  കെ.എം.സി.സി - യുടെ കൈയ്യൊപ്പ് എന്തെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെ അപരിചിതത്വം ആർക്കും ഒരു പ്രശ്നമായി തോന്നിയില്ല. റഫീഖ് പുല്ലൂർ, ഷറഫു പുളിക്കൽ, ഇസ്മായിൽ പടിക്കൽ, ആബിദ് തങ്ങൾ, സലാം സാഹിബ്, അങ്ങിനെ പേരറിയുന്നവരും അറിയാത്തവരുമായുള്ള കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയിലെ വെൽഫയർ വിംങ്ങിലെ മുഴുവൻ അംഗങ്ങളും എന്തിനും, റെഡിയായി പിന്നെ കൂടെയുണ്ടായിരുന്നു. മയ്യത്ത് നാട്ടിലേക്കയക്കാൻ ഏതായാലും ഇപ്പോൾ പ്രയാസമാണ്. നമുക്കിവിടെ തന്നെ മറമാടാം! അതാവും നന്നാവുക. കെ എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. കൊവിഡ് പശ്ചാതലവും, അളിയൻ വന്ന് ഏഴ് മാസം കഴിഞ്ഞിട്ടും ഖഫീലിൻ്റെ പേപ്പർ ക്ലിയറല്ലാത്തതിനാൽ ഇഖാമയില്ലാത്ത അവസ്ഥയും, ആകെ കൂടി ആലോചിച്ചപ്പോൾ അത് തന്നെയാണ് നല്ലതന്ന് ജ്യേഷ്ഠൻ കുഞ്ഞുവും പറഞ്ഞു. പിന്നീട് അതിനായി ശ്രമങ്ങൾ. എംബസി സംബന്ധമായ മുഴുവൻ പേപ്പർ വർക്ക് ഫോളോവപ്പുകളും, റഫീഖ് സാഹിബിൻ്റെ നേതൃത്വത്തിൽ നടന്നു. നാട്ടിലേക്ക് മെയിൽ അയച്ചു! ഇനി മയ്യിത്ത് ഏറ്റ് വാങ്ങാൻ അൽ ജില്ലയിലുള്ള സാമൂഹിക പ്രവർത്തകരെ ആരെയെങ്കിലും കിട്ടണം. ഒപ്പം മുസാമിയയ്യിലെ ആശുപത്രയി സംബസമായ കാര്യങ്ങൾ നോക്കാനും ആരെങ്കിലും വേണം! പിന്നീട് ആ വഴിക്കായി അന്വേഷണങ്ങൾ! മുസാമിയ്യ കെ.എം.സി.സി- പ്രസിഡണ്ട് ഇബ്രാഹിം സാഹിബ് ആശുപത്രി സംബന്ധമായ മുഴുവൻ സഹായങ്ങളും ചെയ്യാൻ റെഡിയായി മുന്നോട്ട് വന്നു. അൽ-ജില്ലയിൽ മയ്യിത്ത് വഖാലത്ത് ഏറ്റെടുക്കാൻ റെഡിയായി മലയാളി കൂട്ടായ്മയുടെ  സാമൂഹിക പ്രവർത്തകൻ അബ്ദുസ്സലാം സാഹിബ് തിരുവനന്തപുരവും, മുന്നോട്ട് വന്നു. ഒപ്പം സഹായത്തിനായി സിറാജ് മുക്കവും! ജീവിതത്തിൽ  ഒരിക്കൽ പോലും നേരിട്ട് കാണാത്തവരാണവരൊക്കെ.! എന്നിട്ടും നിസ്സഹായതയുടെ ഈ  കോവിഡ് കാലത്തും എന്തിനും റെഡിയായി അവർ മുന്നോട്ട് വന്നത് ഒന്നും ആഗ്രഹിച്ചോ, മോഹിച്ചോ അല്ല ! മറിച്ച് സർവ്വശക്തൻ്റെ പ്രീതി മാത്രം കാംക്ഷിച്ചായിരുന്നു.

ദമ്മാമിലിരിക്കുമ്പോഴും ശരീരം കൊണ്ട് അങ്ങോട്ടെത്താൻ മനസ്സ് ഏറെ കൊതിച്ചു. പക്ഷേ നിലവിലെ സൗദി അവസ്ഥയിൽ അതിനൊരിക്കലും കഴിയില്ല. നിങ്ങളൊരിക്കലും ഇങ്ങോട്ട് വരേണ്ട,, അവിടെയിരുന്ന് പ്രാർത്ഥിച്ചോളൂ,,!  കാര്യങ്ങളെല്ലാം ഇവിടിരുന്ന് ഞങ്ങൾ ചെയ്ത് കൊള്ളാം.!
 റിയാദിലെ കെ.എം.സി.സി നേതാക്കളുടെ വാക്കുകൾ ഏറെ ആശ്വാസകരമായി. ഒന്ന് - രണ്ട് ദിവസങ്ങൾക്കകം തന്നെ എല്ലാകാര്യങ്ങളും അവർ ചെയതു. പേപ്പർ വർക്കുകളെല്ലാം റെഡിയായി കിട്ടി. പോലീസ് സ്റ്റേഷനിൽ നിന്നും, ഹെൽത്തിൽ നിന്നും മയ്യിത്ത് മറവ് ചെയ്യാൻ അനുമതി കിട്ടി.

ഉറ്റവരോ, ഉടയവരോ, ഒരു പിടി മണ്ണ് പോലും വാരിയിടാനില്ലാതെ, ജീവിതത്തിൽ  നൻമയെ ചേർത്ത് പിടിച്ച ഒരു പറ്റം ആളുകളുടെ കയ്യും, മെയ്യും മറന്നുള്ള കഠിനാധ്വാനത്തിൽ  അളിയൻ്റെ മയ്യിത്ത് മുസാമിയയിലെ ഖബർസ്ഥാനിൽ അങ്ങിനെ മറവ് ചെയ്യപ്പെട്ടു.!

സ്വന്തം വീട്ടിൽ നിന്നല്ലാതെ മരുന്നിൻ്റെ മണമുള്ള ആശുപത്രി മോർച്ചറിയിൽ നിന്ന്, ഉറ്റവരും ഉടയവരും, ശേഷ കർമ്മങ്ങൾ ചെയ്യാൻ പോലും  ഇല്ലാതെ  മരണത്തിൻ്റെ നിശബ്ദതയിലേക്ക് യാത്ര പോകേണ്ടി വരിക - എന്നുള്ളതാണ് ഒരു പ്രവാസിയുടെ ഏറ്റവും വലിയ നിസ്സഹായത!
പക്ഷേ അവിടെയൊക്കെയും നിയോഗ വഴികളിലെ കൂടപ്പിറപ്പുകളായി സർവ്വേശ്വരൻ ആരെയെങ്കിലുമൊക്കെ കരുതി വെച്ച് കാണും!

അളിയന് അള്ളാഹു മഗ്ഫിറത്തേകിടട്ടെ!
ഒപ്പം സുമനസ്സുകളോടെ കൂടെ നിന്ന മുഴുവൻ സഹോദരങ്ങൾക്കും സർവ്വശക്തൻ
അർഹമായ പ്രതിഫലം നൽകിടട്ടെ!!

Saturday, January 25, 2020

നാട്ട് നൻമയുടെ ചന്ത വിശേഷങ്ങൾ,!


പണ്ട് ചെമ്മണ്‍പാതയില്‍ കാളവണ്ടിച്ചക്രങ്ങളുടെ മണിക്കിലുക്കത്തിനൊപ്പം ചാട്ടവാറടിയുടെ താളവും സമന്വയിപ്പിച്ച് ബുധനാഴ്ചകളിൽ മഞ്ചേരിച്ചന്തയിൽ ആരവമുയർത്താൻ തലേദിവസംതന്നെ നാനാദിക്കുകളില്‍നിന്നും ആളുകളും വണ്ടികളും പുറപ്പെട്ടിരുന്നു. തൂക്കിയിട്ട റാന്തലിന്റെ അരണ്ടവെളിച്ചത്തില്‍ നിരനിരയായി എത്തുന്ന കാളവണ്ടികള്‍! നിശ്ശബ്ദതയുടെ നാട്ടുപാതയില്‍ അതിനു ഭംഗംവരുത്താന്‍ ഇടയ്ക്കിടെ വണ്ടിക്കാരന്റെ ചാട്ടവാറടിയും ആക്രോശവും മാത്രം.!
അങ്ങാടിയില്‍, നാല്‍ക്കവലയില്‍ ഉത്സവത്തലേന്നിന്റെ പ്രതീതിയുളവാക്കിയെത്തുന്ന വണ്ടിക്കൂട്ടവും കച്ചവടക്കാരും ഇന്നും പഴമക്കാര്‍ക്ക് ഗൃഹാതുര സ്മരണകളാണ്. ചുമടിറക്കി വണ്ടിക്കും വണ്ടിക്കാരനും കാളകള്‍ക്കും വിശ്രമമൊരുക്കുന്നത് പേട്ടയിലെ ഒഴിഞ്ഞപറമ്പിലാണ്. പഴയമുനിസിപ്പല്‍ ഓഫീസ് കെട്ടിടവും 'പേട്ടയില്‍' വീടുകളും നില്‍ക്കുന്ന സ്ഥാനം. ഇവിടെ താമസിക്കുന്ന കുരിക്കള്‍ ഭവനങ്ങളുടെ 'പേട്ടയില്‍' വീട്ടുപേര് ഇക്കാര്യം അനുസ്മരിപ്പിക്കുന്നു.

പരസ്പരം അടുത്തറിഞ്ഞ ആ കൂട്ടായ്മയുടെ അവസാനത്തെ അടയാളമായ നിത്യച്ചന്തപോലും മഞ്ചേരിയില്‍നിന്നു നീങ്ങി.
സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായി നാടുവാണിരുന്ന മഞ്ചേരി കോവിലകംവക സ്ഥലമാണ് 200 വര്‍ഷംമുന്‍പ് ആഴ്ചച്ചന്ത നടത്താന്‍ അനുവദിച്ചത്. കോഴിക്കോട്ടേക്ക് വിദേശവാണിജ്യത്തിന് കുരുമുളക്, നാളികേരം, അടയ്ക്ക, കശുവണ്ടി, ചുക്ക്, മഞ്ഞള്‍ തുടങ്ങിയ മലഞ്ചരക്കുകള്‍ ശേഖരിച്ചുതുടങ്ങിയതാണ് മഞ്ചേരിച്ചന്ത. പിന്നീട്, എല്ലാവിഭവങ്ങളുടെയും വിപണന കേന്ദ്രമായി.
ഏറനാട്ടിലെ പ്രശസ്തമായ മഞ്ചേരിച്ചന്തയ്ക്കടുത്ത് തിരക്കുള്ള കൊല്ലപ്പണിക്കാരും അവരുടെ ആലയുമുണ്ടായിരുന്നു. കലപ്പ, കൈക്കോട്ട്, കത്തികള്‍, കുട്ട, മുറം പാത്രങ്ങള്‍, തൊപ്പിക്കുട, കയര്‍ തുടങ്ങിയ കാര്‍ഷികപ്രധാനമായ ഉപകരണങ്ങള്‍ക്കും ചന്തയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.
വെള്ളപൂശാനും സിമന്റ് തേക്കുന്നതിനുപകരം ചുമരുകള്‍ ബലവത്താക്കാനും ഉപയോഗിച്ചിരുന്ന ഇത്തിള്‍(കുമ്മായം), ഉണക്കമത്സ്യം എന്നിവയുടെ കച്ചവടത്തിനായി ചന്ത എടുപ്പുകളുടെ പകുതിയോളം സ്ഥലം മാറ്റിവെച്ചിരുന്നു. ഓടിട്ടതും ഓലമേഞ്ഞതുമായ നീളത്തിലുള്ള ഏതാനുംഷെഡ്ഡുകള്‍ സ്റ്റാളുകളാക്കി തിരിച്ചാണ് കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്. ചന്തയില്‍ തിരക്കു കൂടിയപ്പോള്‍ നേരത്തെ ഒഴിച്ചിട്ടിരുന്ന ഭാഗത്തും ഷെഡ്ഡുകള്‍ വച്ചുകെട്ടി.
1942ല്‍ മഞ്ചേരി പഞ്ചായത്ത് നിലവില്‍വരുന്നതുവരെ ചന്തയുടെ നടത്തിപ്പ് കോവിലകത്തിനുതന്നെയായിരുന്നുവെത്രേ.! വര്‍ഷംതോറും പൊതുജനങ്ങൾക്ക് ലേലത്തില്‍വിളിച്ച് ചന്തനടത്താന്‍ അവകാശം നല്‍കിയിരുന്നു.
മഞ്ചേരിച്ചന്ത പണ്ട് കാലങ്ങളിൽ കേവലം ഒരുകച്ചവടകേന്ദ്രം മാത്രമായിരുന്നില്ലത്രേ..! ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ അറിയിപ്പുകള്‍ക്കും കലാപകരികള്‍ക്കെതിരെയുള്ള ശിക്ഷാനടപടികളുടെ ചെണ്ടകൊട്ടിയറിയിക്കലുകള്‍ക്കും പലപ്പോഴും മഞ്ചേരി ചന്ത വേദിയായിട്ടുണ്ട്.



മാപ്പിള ഇശലുകളില്‍ വര്‍ണിക്കുന്ന പാട്ടുപുസ്തകങ്ങളും ചരിത്രകഥാപ്രസംഗങ്ങളും ഭക്തിഗാനങ്ങളും വില്‍ക്കാനും വാങ്ങാനുമെത്തിയിരുന്നവര്‍ ഏറെയായിരുന്നു. പാട്ടുപുസ്തകം വിറ്റിരുന്നവരെ കേള്‍ക്കാനും അനവധിപേര്‍ തടിച്ചുകൂടും. പഴയകാല മാന്ത്രികന്‍ കൊട്ടേക്കോടന്‍ അലിഖാന്റെ മായാജാല പ്രകടനങ്ങള്‍ക്കും പലവുരു ചന്ത വേദിയായിട്ടുണ്ട്.
ഇടുങ്ങിയ പാതകളിലെ തിരക്കും വണ്ടികളുടെയും കാളകള്‍ക്ക് ലാടം കെട്ടുന്നതിന്റെയും തിരക്കുംകാരണം ബുധനാഴ്ചകളില്‍ മഞ്ചേരി ഹിദായത്ത് മദ്രസകള്‍ക്ക് അവധിയായിരുന്നുവെന്ന് രേഖകളില്‍ കാണാം. കൂടാതെ സഭയുടെ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന് കാളവണ്ടിക്കാരില്‍നിന്നും തലച്ചുമടായിക്കൊണ്ടുവരുന്നവരില്‍ നിന്നും മൂന്നുപൈസയും ഒരു പൈസയും സംഭാവന സ്വീകരിച്ചിരുന്നതായും 1898ലെ ഹിദായത്തുല്‍ മുസ്ലിമീന്‍ സഭയുടെ രേഖകളില്‍ കാണാം.
ആഴ്ചച്ചന്ത പലസ്ഥലങ്ങളിലേക്ക് മാറ്റി ഒടുവില്‍ നഗരസഭ ഓഫീസ്‌കെട്ടിടം സ്ഥിതിചെയ്യുന്ന ആനപ്പാംകുന്നിലെത്തിയതോടെ ചരമഗതിപ്രാപിച്ചു. ഗതകാല പ്രൗഢിയുടെ ഈ നഗരക്കൂട്ടായ്മ തിരിച്ചുപിടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തിന് എങ്ങിനെ കഴിയാൻ??
കാലം നഗര ചന്തയ്ക്കും, കച്ചവടങ്ങൾക്കുമൊക്കെ ഏറെ മാറ്റങ്ങൾ നൽകി. കാലിച്ചന്ത മഞ്ചേരി ടൗണിൽ നിന്നും ഇന്ന് നഗരത്തിന്റെ ആരവങ്ങളൊഴിഞ്ഞ് പയ്യനാട്ടാണ് അരങ്ങ് തകർക്കുന്നത്.
കാലി ചന്തക്കച്ചവടത്തിലെ ഭാഷ തന്നെ ഇന്ന് പുതുതലമുറയ്ക്കന്യമാണ്.
വാച്ചയും, എസവും, കായയും, കരാതിയും, പണയവും, തട്ടയും, ആളിയും, കൊളച്ചിയും, മൂക്കിയും, മാടപ്പൂട്ടും, വലിവട്ടവും, തട്ടമുറിയുമൊക്കെ എന്തെന്നറിയാൻ ഒരു ഡിക്ഷ്ണറി പരതിയിട്ടും കാര്യമില്ല.! അതിന് അധ്വാന മഹത്ത്വത്തിന്റെ നേർക്കഥകൾ പറഞ്ഞ് തരുന്ന കാലി ചന്തകളിലേക്കിറങ്ങുക തന്നെ വേണം. അവിടെ പറമ്പിൽ പീടിക ബാപ്പുവിനെയും, മാർക്കറ്റ് വീരാൻ ഹാജിയേയും, താന്നിക്കൽ കുഞ്ഞുട്ടിയേയും, പരപ്പൻ മുഹമ്മദ്ക്കയേയും, പെര്ന്താട്ടി കുഞ്ഞിമാനെയും, രവിയെയും, അച്ചായനെയുമൊക്കെ പോലുള്ള ഒരു പാട് നിഷ്കളങ്ക ജീവിതങ്ങളെ കാണാം.! അവർ കഷ്ടപ്പെട്ട് ഇന്നും നില നിർത്തുന്നത് മഹിതമായ ഒരു പാരമ്പര്യത്തെ കൂടിയാണ്. നാട്ട് നൻമയുടെ ഗ്രാമീണതക്കപ്പുറം ഏത് നാഗരിഗതക്കും പകരം വെയ്ക്കാനാവാത്ത പഴയ ഓർമ്മകളുടെ വറ്റാത്ത മഹിമയെ കൂടിയാണ്.

വിവരങ്ങൾക്ക് കടപ്പാട് :
K.M. Aഷുക്കൂർ.
Photos : മഞ്ചേരി ചന്തയിലെ ബുധനാഴ്ചക്കാഴ്ചകൾ.
Related Posts Plugin for WordPress, Blogger...