Sunday, March 31, 2013

അനിശ്ചിതത്ത്വത്തിന്റെ ദിനരാത്രങ്ങൾ.ഇന്നലെ വീട്ടിലോട്ടു വിളിച്ചപ്പോൾ ഉമ്മയാണ് ഫോണെടുത്തത് . എടുത്തപ്പോഴേ അറിഞ്ഞു മറു തലയ്ക്കലെ പരിഭ്രമം. വിളിച്ചയുടനെ ഉമ്മയ്ക്കും അറിയേണ്ടത് ഇവിടുത്തെ നിതാഖാത്ത്   ചെക്കിങ്ങിനെ കുറിച്ചും, പ്രശ്നങ്ങളെ കുറിച്ചും, ഒക്കെയാണ്. വെള്ളിയാഴ്ച പള്ളിയിൽ വെച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരുന്നുവെത്രെ. കൂടാതെ മീഡിയകളും, ആവശ്യത്തിനും, അനാവശ്യത്തിനും, ഒക്കെയായി വീട്ടുകാരുടെയും,നാട്ടുകാരുടെയും, പരിഭ്രമങ്ങളെ മുതെലെടുക്കുന്നും, ഉണ്ടല്ലോ. എന്തായാലും, സൗദിയിലെ സ്വദേശിവല്കരണം നമ്മുടെ നാട്ടുകാരെയും, വീട്ടുകാരെയും,ഒക്കെ ആശങ്കയുടെ മുൾ മുനയിൽ നിർത്തുമ്പോഴും , ഭൂരിപക്ഷം പ്രവാസികളും, വല്ലാത്തൊരു അനിശ്ചിതത്ത്വത്തിലും,നിസ്സംഗ തയിലും ആണ്   ഈ പ്രശ്നത്തെ നോക്കി കാണുന്നത് . 

ഇവിടെ ദമ്മാമിലെയും, സ്ഥിതി വ്യത്യസ്തമല്ല. വല്ലാത്തൊരു ഭീതിതമായ അവസ്ഥയാണ് ചുറ്റും. റോഡുകൾ ഏറെയും,വിജനം.സിഗ്നലുകളിൽ ഒക്കെ അവിശ്വസനീയമായ തിരക്കൊഴിവ്.ലിമോസിൻ ഓടിക്കുന്ന ഒരു പാകിസ്ഥാനി പറയുന്നത് കേട്ടു , "ഭായി,  കഴിഞ്ഞ ഒരു ആഴ്ചയായി കമ്പനിക്ക് കൊടുക്കാനുള്ള ദിവസ വാടക പോലും,ഒക്കുന്നില്ല. തല്കാലം,എക്സിറ്റി ലോ ,ആറു മാസത്തേക്ക്‌ റീ-എൻട്രി അടിച്ചോ ഒക്കെയായി   നാട്ടിൽ പോകണം എന്ന്.  ശരിയാണ് ഒട്ടു മിക്ക മേഖലകളിലും കഴിഞ്ഞ ഒരു ആഴ്ചയായി ഇത് തന്നെയാണ് പ്രശ്നം. എവിടെയും,ആളുകളില്ല . ഷോപ്പിംഗ്‌ മാളുകളിൽ, പാർക്കുകളിൽ, ഏതു അവസ്ഥയിലും, ജന നിബിഡമായി നില്കുന്ന സീക്കോ..ഏരിയയിൽ, കോർണിഷിൽ, എന്തിനേറെ വെള്ളിയാഴ്ചയിലെ ക്രിക്കറ്റ് മത്സരത്തിനു പോലും,ആളെ കിട്ടാത്ത അവസ്ഥ . തീർത്തും ,ഒരു തരം ഭീതിതമായ അവസ്ഥയാണ് ഇപ്പോൾ സൗദിയിൽ എങ്ങും. ജിദ്ദയിലെയും, റിയാദിലേയും, സുഹൃത്ത്ക്കൾക്കും, എല്ലാം പങ്കു വെക്കാനുള്ളത് സമാനമായ ആശങ്കയാണ്. ഫ്രീ വിസയിൽ ഇനി ആർക്കും , പണ്ടത്തെപോലെ വിലസാനാവില്ല .ഖഫീലിന്റ്റെ  അടുത്തു തന്നെ എല്ലാവരും, ജോലിയെടുക്കണം. നിതാഖാത്ത്  കർക്കശമാക്കിയതോടെ  പലർക്കും , തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ബിനാമി ബിസ്സിനസ്സ് ഇനി ഇവിടങ്ങളിൽ വിലപ്പോവില്ല . എവിടെയും, ആശങ്കയുടെയും, അനിശ്ചിതത്ത്വത്തിന്റെയും, ദിന രാത്രങ്ങൾ.

ഷോപ്പിലേയും,സ്ഥിതി മറിച്ചല്ല . ഇന്ഡസ്റ്റ്രിയൽ  ഏരിയകളിൽ തൊഴിലെടുക്കുന്ന പർചേഴ്സർമാരായ   കസ്റ്റ്മേ ഴ്സ് ആണ് ഷോപ്പിൽ ഏറെയും .  കഴിഞ്ഞ ഒരാഴ്ചയായി അവരിൽ ഭൂരിഭാഗം പേരെയും, കാണുന്നില്ല .  അതിനാൽ തന്നെ 'സെയിൽ'  നേർ പകുതിയായി കുറഞ്ഞിരിക്കുന്നു.  കലക്ഷന്   വരുന്ന മന്ദൂബ്കളോട്  മാന്ദ്യമാണ്  എന്ന  പല്ലവി പറഞ്ഞു മടുത്തു.  എന്തായാലും ,ഇതെവി ടെ ചെന്ന് അവസാനിക്കുമാവോ...?  അള്ള..കരീം . 

ഈ നിയമം നടപ്പിലാക്കുന്നതിനു പലരും,ഇവിടുത്തെ ഭരണാധികാരികളെയും,ഈ രാജ്യത്തെയും, കുറ്റ പെടുത്തുന്നുണ്ട് . എന്ത് കാര്യം?. 2010 ല്‍ ടുണിഷ്യയില്‍ പിറവി കൊണ്ട അറബ്    -വസന്തമെന്ന സംഭവ വികാസങ്ങളില്‍ പാഠമുള്‍ക്കൊണ്ട ഭരണകര്‍ത്താകളുടെ നിലനില്‍പ്പിന്റെ  രാഷ്ട്രിയമാണ്  ഈ നിയമത്തിന്റെ പിന്നിലും. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ   ചെറുപ്പക്കാരുടെ  ശരിരത്തില്‍ പടര്‍ന്ന അഗ്നി ജനലക്ഷങ്ങളിലുടെ പടര്‍ന്നു, ഈജിപ്ത് , ലിബിയ, 
സിറിയ, പോലുള്ള പല അറബു രാജ്യങ്ങളുടെയും വിധി നിര്‍ണ്ണയിക്കാന്‍ പോന്ന ശക്തി കൈവരിച്ചു . ഒരു മര്‍ദ്ദക ഭരണകൂടത്തിനും, ഇനിയും അണക്കാന്‍ കഴിയാത്ത ആ തീക്കനല്‍ ഒട്ടൊന്ന്  ശാന്തമാക്കേണ്ടത്  പല രാജ്യങ്ങളുടെയും, ഭരണ കൂടങ്ങളുടെയും, മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു. രാജ്യത്തെ യുവജനങ്ങള്‍ ഭരണകുടത്തിനു നേരെ തിരിയുന്നതിനു മുന്‍പ് അവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വരുത്തി തിര്‍ക്കേണ്ടത് ഭരണാധിപന്മാരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.  അത് മാത്രമാണ് ഇവിടെയും, സംഭവിച്ചു കൊണ്ടിരിക്കുന്നത്.

 സൗദിയിലെ ഈ നിയമം നടപ്പിൽ വരുത്തിയിട്ട് വർഷം രണ്ടാവുന്നു . എന്നാൽ കർശനമാക്കിയത് ഇപ്പോഴാണ്‌ എന്ന് മാത്രം . സ്വദേശികളുടെ സമ്മർദ്ദം  കർക്കശമായാതോടെയാണ് സൗദി  ഭരണകൂടം ശക്തമായ  ചില  
നിലപാടുകളിലേക്ക്‌ നീങ്ങിയത്. എന്നാൽ ഇതിനെയൊന്നും, വക  വെയ്ക്കാതെ  ഇവിടെയുള്ള  പല  നിയമങ്ങളെയും കാറ്റിൽ പറത്തികൊണ്ട്   കാശ് കൂടുതൽ സമ്പാതിക്കാൻ  ഉള്ള ചില പ്രവാസികളുടെ അമിതാവേശമാണ് കൂടുതൽ കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കുന്നത് . ചില   ആളുകൾക്ക്  നിയമ ലംഖനത്തിന്റെ ദോഷ വശങ്ങൾ അറിയാതെയും  തെറ്റുകളും അബദ്ദങ്ങളും  പറ്റുന്നുണ്ട് .  എന്നാൽ അത് മനസ്സിലാക്കി അറിഞ്ഞതിനു ശേഷവും തിരുത്തി മുന്നോട്ടു പോകാൻ അവരുടെ മനസ്സും ആഗ്രഹിക്കുന്നില്ല.  ഒരർത്ഥത്തിൽ    ആരെയും  കുറ്റം  പറയാൻ പറ്റില്ല. കാരണം നമ്മുടെ  നാടിൻറെ  അവസ്ഥ അത് തന്നെയാണ്. സാധനങ്ങളുടെ വിലക്കയറ്റവും  പ്രവാസികളായി പോയി  എന്നത് കൊണ്ട്  മാത്രം നാട്ടിൽ ന്യായമായും കിട്ടേണ്ട  ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതും, മറ്റുമെല്ലാം പ്രവാസികളെ   ദോഷകരമായ രീതിയിൽ ആണ് ബാധിക്കുന്നത് . ഇതൊക്കെ ആരോട് പറയാനാണ്?. ആരെ പഴിക്കാനാണ്?. നമ്മുടെ  സർക്കാരുകൾക്കോ ,എംബസ്സികൾക്കോ  , ഒന്നും പ്രവാസികളുടെ  പ്രയാസങ്ങൾ കേൾക്കാൻ സമയം പോലുമില്ലല്ലോ ?.  ഇവിടെ  എംബസ്സിയിൽ ചെന്നാൽ പ്രവാസികളുടെ  കാര്യം നേരെയാക്കാൻ ആവശ്യത്തിന് ഉദ്ദ്യോഗസ്ഥർ പോലും, ഇല്ല .പോരാത്തതിന്‌ ഇപ്പോൾ വേവുന്ന പുരയിൽ നിന്നും,ഊരുന്ന കൌക്കോൽ ലാഭം എന്ന കണക്കിൽ വിമാന കമ്പനികളുടെ ചാർജു വർദ്ധനയും. എല്ലാം കൂടി പ്രവാസികൾ തലയിൽ ഇടിത്തീ വീണ അവസ്ഥയിലാണ് ഇപ്പോൾ. ഇനിയും,എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു "അള്ള  കരീം ..."

ചിലപ്പോഴെങ്കിലും, പ്രവാസികൾ തന്നെയാണ് ഇതിനൊക്കെ കുറ്റക്കാർ എന്ന് പറയാതിരിക്കാനാവുന്നില്ല .എത്ര മാത്രം തിക്താനുഭവങ്ങൾ ഉണ്ടായാലും,തിരിച്ചു പോകാനോ മറിച്ച് ചിന്തിക്കാനോ കഴിയാത്ത വിധം ബാധ്യതകളും,തലയിലേറ്റി ആണ് നമ്മൾ പ്രവാസം തുടരുന്നത് .ജീവിതം നമ്മുടെ തലയിലേറ്റിയ ബാദ്ധ്യതകൾക്കൊപ്പം സ്വയം വരുത്തി വെക്കുന്ന ബാദ്ധ്യതകളും,നമുക്ക് വിനയാവുന്നുണ്ട് .കുറിയിൽ ചേരൽ ,വീട് പണിക്കു കടം വാങ്ങിയുള്ള മോടി പിടിപ്പിക്കൽ, ധൂർത്ത് ,ആഡംബരം തുടങ്ങീ പലരും, സ്വയം കയറില്ലാതെ കെട്ടിയിട്ട നിലയിലാണ് .അപ്പോൾ എത്ര അവഹേളനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നാലും, നമ്മുടെ പ്രതികരണ ശേഷി നമുക്ക് നഷ്ടപ്പെട്ടു നാം വികാരങ്ങളും വിവേകവും,എല്ലാം നഷ്ടപ്പെട്ട്  നിസ്സംഗതയിൽ  ആയി പോവുന്നു . നമ്മുടെ ഈ പിടിപ്പ് കേടിനെ മുതലാക്കി വീട്ടുകാരും,നാട്ടുകാരും,സർക്കാറുകളും ,എംബസ്സികളും , എല്ലാവരും, കൂടി ചേർന്നു നമ്മെ ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു .ഇനിയും എന്നാണു നമ്മൾ പഠിക്കുക .സൗദിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ..നിതാഖാത്ത് നിയമം എങ്കിലും, പ്രവാസികളുടെയും, പ്രവാസികളെ ചൂഷണം ചെയ്യാൻ മാത്രം അറിയാവുന്നവരുടെയും, കണ്ണ് തുറപ്പിചെങ്കിൽ എന്ന് വെറുതെ വ്യാമോഹിച്ചു പോകുന്നു 

9 comments:

 1. സ്വന്തം രാജ്യത്ത് നിയമങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരം അവര്‍ ഉപയോഗിക്കുമ്പോള്‍ അതിനു അവരെ എന്തിനു കുറ്റം പറയണം ?? നിതഖാത്ത് ഒരു സുപ്രഭാതത്തില്‍ വന്ന ഒരു നിയമമല്ല ,.മാസങ്ങള്‍ക്ക് മുമ്പേ പ്രഘ്യാപിക്കുകയും രേഖകള്‍ ശേരിയാക്കാനുള്ള സമയം കൊടുക്കുകയും ചെയ്ത തിന് ശേഷമാണ് അവര്‍ കര്‍ശന നിലപാടിലേക്ക് നീങ്ങിയത് , എന്നാല്‍ എല്ലാ കാര്യങ്ങളിലെന്ന പോലെ നമ്മള്‍ മലയാളികളും അത് അവഗണിച്ചു . അതിന്‍റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നു ,എവിടെ ചെന്ന് അവസാനിക്കുമോ ആവോ ..പൊടിപ്പും തൊങ്ങലും വെച്ച് പെരുപ്പിക്കാന്‍ കുറെ ചാനലുകാരും ..പോസ്റ്റില്‍ പറഞ്ഞ പോലെ അള്ളാ കരീം ...(കുറച്ചു അക്ഷരതെറ്റുകള്‍ ,തിരുത്തുമല്ലോ )

  ReplyDelete
 2. വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നിട്ടും!!! ഇത് തന്നെയാണ് മനുഷ്യ ജീവിതത്തിന്റെയും അവസ്ഥ. ആരോഗ്യവും സമയവുമുള്ള കാലത്ത് ഒന്നിനെയും കൂസാതെ, ദൈവഭയം പേരിന് മാത്രം നിലനിർത്തിക്കൊണ്ട് ഇഹലോകസുഖമ്മാത്രം ലക്ഷ്യം വെച്ച് ജീവിക്കുകയും ഒടുവിൽ മരണം തൊണ്ടക്കുഴിയിലെത്തുമ്പോൾ വെപ്രാളപ്പെടുകയും ചെയ്യുന അതേ മനുഷ്യൻ. വരാനിരിക്കുന്ന വറുതിയുടെ നാളുകളെക്കുറിച്ച് നമ്മളൊരിക്കലും ആലോചിക്കാർല്ല. ഏത് സമയവും നിലച്ചുപോകാവുന്ന ഒന്നാണ് പ്രവാസലോകത്തെ ജോലിയും കൂലിയും. ഒരിക്കലെങ്കിലും ആ തിരിച്ചറിവോടെ മനസ്സിനെയും വീട്ടുകാരെയും പാകപ്പെടുത്തുന്നതിനെക്കുറിച്ചോ, അവശ്യകാര്യങ്ങൾക്കായി ഒരു ചെറുസമ്പാദ്യം സ്വരൂപിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാതെ പത്രാസുകളിലും നിയന്ത്രണമില്ലാത്ത ചെലവുകളിലും നമ്മൾ അഭിരമിക്കുന്നു. എല്ലാം സർക്കാർ ചെയ്യട്ടെ എന്ന നമ്മുടെ നിലവിളി മാത്രം ബാക്കിയാവും. മറ്റു ഗൾഫ് രാജ്യങ്ങളിലും സമാന നിയമങ്ങൾ വരുന്നതിന്റെ മുന്നൊരുക്കങ്ങൾ കുവൈത്തിൽ കണ്ടു തുടങ്ങി. പ്രവാസികൾ ജാഗ്രതൈ!

  ReplyDelete
 3. പ്രവാസം വിട്ടൊരു ജീവിതമാർഗം അറിയാത്ത പലരും നമുക്കിടയിലുണ്ട്. ചോരയും നീരും വറ്റി, നാട്ടിൽ ചെന്നിട്ടെന്ത് കാര്യം എന്നു പോലും ചിന്തിക്കുന്ന പലരും. എല്ലാത്തരക്കാരുക്കും ഒരു വെള്ളിടിയാണീ നിയമങ്ങൾ. പക്ഷേ അനിവാര്യമായതിനെ ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ. നേരിടുക തന്നെ. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ എന്നു നമുക്കു ആവശ്യപ്പെടാമെന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉടനടി കാണുമെന്ന് കരുതുക വയ്യ. സ്വയം തൊഴിൽ കണ്ടെത്തുക., തരിശു നിലങ്ങൾ കൂട്ടായ പ്രയത്നത്തിലൂടെ കൃഷിക്ക് ഉപയോഗിക്കുക.. ഇതൊക്കെ തന്നെ മാർഗങ്ങൾ . അക്ഷരതെറ്റ് വായനയുടെ സുഖം കളയുന്നു..ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 4. നല്ല എഴുത്ത്
  http://velliricapattanam.blogspot.in/2013/03/blog-post.html


  ReplyDelete
 5. നമുടെ മീഡിയകൾ ചുമ്മാ വാർത്തകളിലെ വർത്തമാനങ്ങൾ കണ്ടെത്തുന്നവരാണ്, ഒരു കാമ്പുമില്ലാത്ത സൊറ പറച്ചിൽ

  ReplyDelete
 6. പോസ്റ്റ്‌ പങ്കുവെക്കുന്ന ആശങ്ക ഓരോ പ്രവാസിയുടേതുമാണ്.

  ReplyDelete
 7. ചുട്ടുപാടുകളെ സസൂക്ഷ്മം വീക്ഷിച്ച് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ആകർഷിക്കാൻ ശ്രീ.സഹീദ് മജ്ദാലിന്റെ എഴുത്തിനു സാധിച്ചു. കേരളത്തിന്റെ സാമ്പത്തികസ്രോതസ്സിനെ ഉയർത്തുന്ന ഗൾഫ് മലയാളികളുടെ പ്രശ്നങ്ങളെ സഹാനുഭൂതി യോട് കാണാൻ ഇവിടത്തെ സർക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന് മാത്രം അഭിപ്രായ പ്പെടുന്നു.

  ReplyDelete

Related Posts Plugin for WordPress, Blogger...